ബീച്ചനഹള്ളി: ഇതര സംസ്ഥാനങ്ങളിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മലയാളികളെ കേരള സർക്കാർ പ്രവാസികളായി കണക്കാക്കണമെന്നു കർണാടകയിലെ ബീച്ചനഹള്ളിയിൽ ചേർന്ന യുനൈറ്റ്ഡ് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രഥമ ദേശീയ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കർണാടക, തമിഴ്നാട്, ഗോവ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി കേരളത്തിൽനിന്നുള്ള ആയിരക്കണക്കിന് കർഷകർ ഇഞ്ചി, വാഴ, പച്ചക്കറി കൃഷികൾ നടത്തുന്നുണ്ട്. ഇവരെ അതത് സംസ്ഥാന സർക്കാരുകൾ പാട്ടക്കൃഷിക്കാരായാണ് കാണുന്നത്. കൃഷിക്കാരുടെ ഗണത്തിൽ ഉൾപ്പെടുത്താത്തതിനാൽ കർഷകർക്കുള്ള ആനുകൂല്യങ്ങളും ഇൻഷ്വറൻസ് പരിരക്ഷയും ഇവർക്കു ലഭിക്കില്ല. പ്രകൃതിക്ഷോഭത്തിലും മറ്റുമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഭൂവുടമയ്ക്കാണ് അനുവദിക്കുന്നത്. കേരള സർക്കാരിന്റെ ആനുകൂല്യങ്ങളും കിട്ടുന്നില്ല.
പാട്ടക്കൃഷിക്കാരെ പ്രവാസികളായി അംഗീകരിക്കുന്നത് കർഷകർക്ക് ഏറെ ആശ്വാസമാകും. കേരളത്തിൽനിന്നുള്ള കർഷകർ കർണാടകയിൽ മാത്രം പ്രതിവർഷം 12,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. പാട്ടക്കൃഷിക്കാരുടെ നിക്ഷേപമാണ് കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടെ കർണാടകയിലെ ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയർത്തിയത്. എങ്കിലും പാട്ടക്കൃഷിക്കാരെ നിക്ഷേപകരായും കർണാടക സർക്കാർ അംഗീകരിക്കുന്നില്ല. ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് പ്രവേശനം നിഷേധിച്ച് കർഷകരെ ബുദ്ധിമുട്ടിക്കുകയാണ്.
ഭാരവാഹികളായി സാബു കണ്ണയ്ക്കാപ്പറമ്പിൽ പുൽപള്ളി(ചെയർമാൻ), ബേബി പെരുങ്കുഴി ഏച്ചോം (വൈസ് ചെയർമാൻ), എമിൻസൺ തോമസ് മൂലങ്കാവ്(ജനറൽ കൺവീനർ), കെ.നയീമുദ്ദീൻ മലപ്പുറം, അജി കുര്യൻ കമ്പളക്കാട്(ജോ. കൺവീനർ), ഹുസൈൻ പടിഞ്ഞാറത്തറ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
സമാപന സമ്മേളനത്തിൽ ചെയർമാൻ സാബു കണ്ണയ്ക്കാപ്പറമ്പിൽ അദ്ധ്യക്ഷനായി. എം.എൽ.എമാരായ ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണൻ, ഒ.ആർ കേളു, ഊട്ടി എം.എൽ.എ ആർ.ഗണേഷ്, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കർണാടക മുൻ മന്ത്രി എം.ശിവണ്ണ, ജില്ലാ പഞ്ചായത്തംഗം അമൽ ജോയ്, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയൻ എന്നിവർ സംസാരിച്ചു.