കൽപ്പറ്റ: കൽപ്പറ്റ എസ്‌.കെ.എം.ജെ ഹൈസ്‌കൂളിൽ നിന്ന് 1979ൽ
പത്താംതരം പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ 'ഒരുവട്ടംകൂടി"
എന്ന പേരിൽ സ്‌കൂളിൽ ഒത്തുചേർന്നു. കേരളത്തിനകത്തും പുറത്തുമായി കഴിയുന്ന 112 പൂർവ വിദ്യാർത്ഥികൾ 42 വർഷത്തിനു ശേഷം സ്‌നേഹം പുതുക്കാനെത്തി.
രാവിലെ സ്‌കൂൾ അസംബ്ലി മുതൽ വൈകുന്നേരത്തെ ദേശീയഗാനം വരെ അവർ സ്‌കൂളിൽ പുന:സൃഷ്ടിച്ചു.

ശാരീരിക അവശതകൾ മറന്ന് സംഗമത്തിൽ പങ്കെടുക്കാനെത്തിയ 1979ലെ പതിനാറ് അദ്ധ്യാപകരെയും രണ്ട് അനദ്ധ്യാപകരെയും ആദരിച്ചു.

1979ൽ ഹെഡ്മാസ്റ്റർ ആയിരുന്ന പി.നാരായണൻ നമ്പ്യാരുടെ ആശംസാ സന്ദേശം പ്രക്ഷേപണം ചെയ്തുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. എം.വി.ശ്രേയാംസ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ.കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഇ.കെ.ബിജുജൻ സ്വാഗതവും യു.എ.അഷറഫ് നന്ദിയും പറഞ്ഞു.

രാവിലെ സ്‌കൂൾ മുറ്റത്ത് പി.എസ്.ലത, വൈജയന്തി, എം.ജി.ഗീത, സി.പി.നബീസ, ഫാത്തിമ എന്നിവരുടെ പ്രാർത്ഥനയോടെയാണ് അസംബ്ലി ആരംഭിച്ചത്. വിരമിച്ച മുൻ ഹെഡ്മിസ്ട്രസ് സൗദാമിനി അസംബ്ലി നിയന്ത്രിച്ചു. ഒത്തുചേരലിന് എത്താൻ കഴിയാത്തവർക്കായി പരിപാടികൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ തത്സമയം ടെലികാസ്റ്റ് ചെയ്തിരുന്നു.
ബാച്ചിന്റെ വകയായി സ്‌കൂൾ അങ്കണത്തിൽ നിർമ്മിച്ച ഷട്ടിൽ കോർട്ട് സ്‌കൂൾ ഹെഡ്മാസ്റ്റർ എം.കെ.അനിൽകുമാറിന് കൈമാറി. ഉച്ചകഴിഞ്ഞ് നടന്ന കലാപരിപാടികളിൽ മുപ്പത്തിയൊമ്പത് പൂർവ വിദ്യാർത്ഥികൾ പങ്കെടുത്തു.