കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം കാണാൻ സർക്കാർ കൂടെയുണ്ടാവുമെന്ന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഫറോക്കിൽ തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പും ആവാസ് ഇശ്രം രജിസ്‌ട്രേഷൻ ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിർമ്മാണ, വ്യവസായ മേഖലകളിൽ ഒഴിച്ചുകൂടാനാവാത്തവരാണ് അന്യ സംസ്ഥാ തൊഴിലാളികൾ. അവരുടെ ക്ഷേമത്തിനായി ഫെസിലിറ്റേഷൻ സെന്റർ, ആവാസ്, അപ്നാഘർ തുടങ്ങി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.
തൊഴിലാളികളുടെ ക്ഷേമവും സാമൂഹിക ആരോഗ്യ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. കാർഡുകളുടെ വിതരണം മന്ത്രി നിർവഹിച്ചു. ഫറോക്ക് ആമ്പിയൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ.സി.അബ്ദുൾ റസാഖ് അദ്ധ്യക്ഷത വഹിച്ചു. എൻ.എച്ച്.എം ഡി.പി.എം ഡോ.എ.നവീൻ, അഡീഷണൽ ലേബർ കമ്മീഷണർ എൻഫോഴ്‌സ്‌മെന്റ് ബിച്ചുബാലൻ, റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ ഇൻചാർജ് കെ.വി.വിപിൻലാൽ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.