liq

കോഴിക്കോട് : ക്രിസ്‌മസ്, ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് വ്യാജ അനധികൃത മദ്യത്തിന്റെയും ലഹരിമരുന്നുകളുടെ ഉപയോഗവും കള്ളക്കടത്തും തടയുന്നതിനായി കർശന പരിശോധനയുമായി എക്സൈസ്. ഈമാസം നാല് മുതൽ ആരംഭിച്ച സ്പെഷ്യൽ ഡ്രൈവ് ജനുവരി മൂന്ന് വരെ തുടരും.

പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കൺട്രോൾ റൂം നമ്പർ 04952372927.ലഭിക്കുന്ന പരാതികളിൽ അന്വേഷണങ്ങൾ നടത്തുന്നതിലേക്കായി എക്‌സൈസ് ഇൻസ്‌പെക്ടറുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് പാർട്ടിയെ ജില്ലയിൽ നിയോഗിച്ചു.ലഹരിയുമായി ബന്ധപ്പെട്ടുളള കുറ്റകൃത്യങ്ങൾ വർദ്ധിക്കാനുളള സാഹചര്യം മുൻനിർത്തി പൊലീസ്, ഫോറസ്റ്റ്, ഫിഷറീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ്, റവന്യൂ എന്നീ വകുപ്പുകളുമായി ചേർന്ന് സംയുക്ത റെയ്ഡുകൾ നടത്തുന്നത്. പൊലീസുമായി ചേർന്ന് 10 റെയ്ഡുകൾ നടത്തി. ചെക്ക്‌പോസ്റ്റുകളിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിലേക്കായി അഴിയൂർ എക്‌സൈസ് ചെക്ക്‌പോസ്റ്റിലേക്ക് കൂടുതൽ ജീവനക്കാരെ നിയോഗിച്ചു. ലഹരിക്കടത്തു കുറ്റകൃത്യങ്ങളിൽ സമീപകാലത്തുണ്ടായ സ്ത്രീ പങ്കാളിത്തം കണക്കിലെടുത്ത് ചെക്ക്‌ പോസ്റ്റുകളിൽ വനിതാ ജീവനക്കാരെ പ്രത്യേകം നിയോഗിച്ചു.

അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തം

സംസ്ഥാനവുമായും ജില്ലയുമായും അതിർത്തി പങ്കിടുന്ന ജില്ലയിലെ പ്രദേശങ്ങളിൽ പരിശോധനകൾ ശക്തമാക്കാൻ നടപടികളാരംഭിച്ചു. മാഹി അതിർത്തി പ്രദേശങ്ങളിൽ വടകര റെയ്ഞ്ച്, വടകര സർക്കിൾ പാർട്ടി, സ്‌ട്രൈക്കിംഗ് ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കി. അടിവാരം ഭാഗത്ത് താമരശ്ശേരി സർക്കിൾ, താമരശ്ശേരി റെയിഞ്ച് പാർട്ടികളാണ് പരിശോധന നടത്തുന്നത്. ലൈസൻസ്ഡ് സ്ഥാപനങ്ങളിൽ ഉണ്ടാവാനിടയുളള നിയമലംഘനങ്ങൾ തടയുന്നതിനായി കൂടുതൽ പരിശോധനകൾ നടത്താനും സാമ്പിളുകൾ ശേഖരിക്കാനും നടപടികൾ ആരംഭിച്ചു.

204 കള്ളുഷാപ്പുകളും, 28 ബാറുകളും, 5 ബിയർ ആൻജ് വൈൻ പാർലറുകളും, 12 റീട്ടേയ്ൽ മദ്യഷാപ്പുകളും ഇതുവരെ പരിശോധിച്ചു. 63 കള്ളു സാമ്പിളുകളും, 11 വിദേശ മദ്യസാമ്പിളുകളും രാസപരിശോധനക്കായി ശേഖരിച്ചു.

പിടിച്ചത് നിരവധി കേസുകൾ

സ്‌പെഷ്യൽ ഡ്രൈവ് കാലയളവിൽ 98 അബ്കാരി കേസുകളും, 13 എൻ.ഡി.പി.എസ് കേസുകളും, 165 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു. 7475 ലിറ്റർ വാഷ്, 50 ലിറ്റർ ചാരായം, 304.38 ലിറ്റർ വിദേശമദ്യം, 104.83 ലിറ്റർ അന്യസംസ്ഥാന വിദേശമദ്യം, 3250 ഗ്രാം കഞ്ചാവ്, 7.4 ഗ്രാം എം.ഡി.എം.എ, 8 ഗ്രാം ഹാഷിഷ് ഓയിൽ, ഒരു ഗ്രാം ചരസ്സ് എന്നിവയും, 124.05 കി.ഗ്രാം പുകയില ഉൽപ്പന്നങ്ങളും, കേസുകളുടെ ഭാഗമായി പിടിച്ചെടുത്തു. 74 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. 7 വാഹനങ്ങളും പിടിച്ചെടുത്തു.