വടകര: വടകര താലൂക്ക് ഓഫീസ് പൂർണമായും കത്തിയമർന്ന സംഭവത്തിൽ സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.കെ.രമ എം.എൽ.എ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആദ്യം പ്രതി ചേർക്കേണ്ടത് പൊലീസിനെ തന്നെയാണെന്നു അവർ പറഞ്ഞു.
അർഹിക്കുന്ന ഗൗരവത്തോടെയല്ല പൊലീസ് അന്വേഷണം. നേരത്തെ താലൂക്ക് ഓഫീസിനു സമീപത്തെ രണ്ടു സർക്കാർ ഓഫീസുകളിൽ ചെറിയ തോതിൽ തീയിട്ട സംഭവമുണ്ടായിട്ടും പൊലീസ് ജാഗ്രത കാണിച്ചില്ല. മാനസികാസ്വാസ്ഥ്യമുള്ള യുവാവിന്റെ ചെയ്തിയെന്ന് ലാഘവത്തോടെ പറയുകയല്ലാതെ അയാളെ കൃത്യമായി ചികിത്സയ്ക്ക് എത്തിച്ചിരുന്നുവെങ്കിൽ താലൂക്ക് ഓഫീസ് സംഭവം ഒഴിവാക്കാമായിരുന്നു. പൊലീസിന്റെ ഭാഗത്തു നിന്നു പ്രകടമായ അനാസ്ഥയാണുണ്ടായത്.
ഇപ്പോൾ ഇതേ മനോരോഗിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയാളെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ മൊഴികളിലാകട്ടെ ഒട്ടേറെ പൊരുത്തക്കേടുകളുമുണ്ട്. ഈ മൊഴികൾ എങ്ങനെയാണ് വിശ്വാസത്തിലെടുക്കുക?.
വിലപ്പെട്ട ഒരുപാട് രേഖകൾ സൂക്ഷിച്ച ഓഫീസിൽ സി.സി.ടി.വിയോ രാത്രി കാവൽക്കാരനെ പോലുമില്ല. ഇവിടെ ആർക്കും യഥേഷ്ടം വന്ന് കിടക്കാമെന്ന് പറയുമ്പോൾ, ഇതിനു മുൻപ് ഇവിടെ നിന്ന് രേഖകൾ നഷ്ടപ്പെട്ടിരുന്നോ എന്ന സംശയവും ജനങ്ങൾക്കുണ്ട്.
മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ജുഡിഷ്യൽ അന്വേഷണത്തിനു ഉത്തരവിടണം. പൊലീസിലെ കുറ്റക്കാർക്കെതിരെ നടപടി കൈക്കൊള്ളുകയും വേണം.