വടുവൻചാൽ: കടച്ചിക്കുന്ന് പുതിയപാടി, വേടൻ കോളനി മേഖലയിലെ കുടിയേറ്റകർഷകരുടെ കൈവശഭൂമിക്ക് രേഖകൾ നൽകണമെന്നാവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുപ്പൈനാട് വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിവന്ന അനിശ്ചിതകാല ഉപരോധ സമരം കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പിന്മേൽ പിൻവലിച്ചു.
വനം,റവന്യു, പഞ്ചായത്ത്, ഭൂസംരക്ഷണ സമിതി, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മുപ്പൈനാട് പഞ്ചായത്ത് ഓഫീസിൽ നടന്ന ചർച്ചയിലാണ് പ്രശ്നം ഒത്തുതീർപ്പിലായത്. തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിനും, വീട്ട്നമ്പർ ലഭിക്കുന്നതിനും, ലൈഫ് ഭവനപദ്ധതികൾ, പഞ്ചായത്ത് നടപ്പിലാക്കുന്ന മറ്റ് ഇതര ഭവനപദ്ധതികൾക്കും താൽക്കാലിക കൈവശരേഖ നൽകും.

നിലവിലെ റോഡ് ഫോറസ്റ്റായി രേഖപ്പെടുത്തിയത് തിരുത്തികിട്ടുന്നതിന് വനം റവന്യു ഡിപ്പാർട്ടുമെന്റുകൾക്ക് പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകും.
ഡെപ്യുട്ടികളക്ടർ കെ.അജീഷ് (എൽ.ആർ), വൈത്തിരി തഹസിൽദാർ അബുൾഹാരീസ്, പഞ്ചായത്ത് പ്രസിഡന്റ് എ.കെ.റഫീഖ്, മേപ്പാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഡി.ഹരിലാൽ, ഡെപ്യുട്ടി റെയിഞ്ച് ഓഫീസർ വി.ആർ.ഷാജി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഇ.വി.ശശിധരൻ, പി.കെ.സലീം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ഗഗാറിൻ, ഹാരീസ്, കരുണൻ, പി.സി.ഹരിദാസൻ, പി.വി.വേണുഗോപാൽ, ആർ.ഉണ്ണികൃഷ്ണൻ, വിജയൻ, ഭൂസംരക്ഷണസമിതി ഭാരവാഹികളായ കെ.ശിവദാസൻ, ഹമീദ്, ബിനോയ്‌ജോസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
സമരം മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി.വേണുഗോപാൽ, പി.സി.ഹരിദാസൻ, ജോളിസ്‌കറിയ, ഹാരീസ്, കരുണൻ, ഉനൈസ് എന്നിവർ സംസാരിച്ചു.

ഫോട്ടോ--വില്ലേജ്
മുപ്പൈനാട് വില്ലേജ് ഓഫീസിന് മുന്നിൽ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധസമരം