ഫറോക്ക്: ബേപ്പൂർ മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'ഫ്യൂച്ചറിന് തുടക്കമായി. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.
സാമ്പത്തിക, സാമൂഹിക വിവേചനമില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റങ്ങൾ വരുത്താനായുള്ള ചതുർവർഷ പദ്ധതി ജനകീയ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്.
പദ്ധതിയുടെ രൂപരേഖ ചടങ്ങിൽ പ്രകാശനം ചെയ്തു. മന്ത്രിയുടെ നേതൃത്വത്തിൽ ബേപ്പൂർ ഡവലപ്‌മെന്റ് മിഷനാണ് 'ഫ്യൂച്ചർ' പദ്ധതി നടപ്പാക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്കും ശാരീരികവും ബുദ്ധിപരവുമായി പരിമിതിയുള്ളവർക്കും പ്രത്യേക പരിഗണന നൽകും. മിടുക്കർക്ക് ഉന്നതപഠനത്തിനും മത്സര പരീക്ഷകൾക്കും പ്രത്യേക പരിശീലനം ഉറപ്പു വരുത്തും.
ഫറോക്ക് ഗവ. ഗണപത് ഹൈസ്‌കൂളിൽ ഒരുക്കിയ ചടങ്ങിൽ ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ.സി അബ്ദുൽ റസാഖ് അദ്ധ്യക്ഷനായിരുന്നു. എസ്.എസ്.കെ ഡി.പി.സി ഡോ.എ.കെ അബ്ദുൽ ഹക്കീം റിപ്പോർട്ട് അവതരിപ്പിച്ചു. ബേപ്പൂർ ഡവലപ്മെന്റ് മിഷൻ ചെയർമാൻ എം.ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനൂഷ, രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ബുഷ്‌റ റഫീഖ്, കോർപ്പറേഷൻ വികസന - പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി രാജൻ, ടൗൺ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.കൃഷ്ണകുമാരി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സമീഷ്, പ്രധാനാദ്ധ്യാപിക പുഷ്പരാജി, പ്രിൻസിപ്പൽ താരാഭായ് തുടങ്ങിയവർ സംബന്ധിച്ചു.