കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ പുതുതായി പണികഴിപ്പിച്ച പി.എം.എസ്.എസ്.വൈ ബ്ലോക്കിന്റെ ഉദ്ഘാടനം ജനുവരു മാസം അവസാന ആഴ്ചക്കുള്ളിൽ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻഷൂഖ് മാണ്ഡവ്യ വ്യക്തമാക്കിയതായി എം.കെ. രാഘവൻ എം.പി. അറിയിച്ചു.
പ്രധാന മന്ത്രി സ്വാസ്ത്യ സുരക്ഷാ യോജന പദ്ധതി പ്രകാരം 120 കോടി രൂപ കേന്ദ്ര ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മാണം പൂർത്തിയായ ഏഴ് നില ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്തി രോഗികൾക്ക് ഉപയോഗപ്രദമാക്കുന്നത് സംബന്ധിച്ച് മന്ത്രിയുമായി എം.കെ രാഘവൻ എം.പി നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.അന്തിമ തീയതി പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷം അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ യു.പി.എ സർക്കിറന്റെ കാലഘട്ടത്തിൽ എം.പിയുടെ നിരന്തര അഭ്യർത്ഥന പ്രകാരമാണ് കോഴിക്കോട് മെഡിക്കൽ കോളേജിനെ പി.എം.എസ്.എസ്.വൈ യിലേക്ക് പരിഗണിച്ചത്.കോഴിക്കോട് സി.ജി.എച്ച്.എസ് സെന്ററിൽ നിലവിലുള്ള അലോപ്പതി ചികിത്സ സൗകര്യങ്ങൾക്ക് പുറമേ ആയുർവേദം, ഹോമിയോ ചികിത്സാ രീതികളും ആരംഭിക്കുമെന്നും, കൂടുതൽ സ്വകാര്യ ആശുപത്രികളെ എം പാനൽ ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.എയിംസിനായി സംസ്ഥാന സർക്കാർ സ്ഥലം കൈമാറുന്ന മുറക്ക് കേന്ദ്രസർക്കാർ തുടർ നടപടികൾ സ്വീകരിക്കുമെന്നും കൂടികാഴ്ചയിൽ ആരോഗ്യ മന്ത്രി വ്യക്തമാക്കി.മെഡിക്കൽ ഗ്രാജ്വേറ്റ് വിദ്യാർത്ഥികളുടെ സ്റ്റൈപ്പന്റ് ഏകീകരിക്കുനതിന് കേന്ദ്രസർക്കാർ നിയമ ഭേദഗതികൾ കൊണ്ടുവരണമെന്ന എം.പി യുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.