search
സം​സ്ഥാ​ന​വ്യാ​പ​ക​മാ​യു​ള്ള​ ​സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യു​ടെ​ ​ഭാ​ഗ​മാ​യി​ ​കോ​ഴി​ക്കോ​ട് ​മാ​നാ​ഞ്ചി​റ​ ​സ്‌​ക്വ​യ​റി​ൽ​ ​പൊ​ലീ​സി​നൊ​പ്പം​ ​ബോം​ബ് ​സ്‌​ക്വാ​ഡും​ ​ഡോ​ഗ് ​സ്‌​ക്വാ​ഡും​ ​എ​ത്തി​യ​പ്പോൾ

കോഴിക്കോട്: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലെ മുക്കും മൂലയും അരിച്ചുപെറുക്കി പൊലീസിന്റെയും ബോംബ് സ്‌ക്വാഡിന്റെയും പരിശോധന. കഴിഞ്ഞ ദിവസം തുടങ്ങിവെച്ച പരിശോധനയുടെ തുടർച്ചയായി ഇന്നലെ രാവിലെ റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ടെർമിനൽ പരിസരം, പാളയം എന്നിവിടങ്ങളിലെല്ലാം പൊലീസ് സംഘമെത്തി. ഒപ്പം ബോംബ് സ്‌ക്വാഡും. ഉച്ചയ്ക്ക് ശേഷം മിഠായിത്തെരുവ്, ടൗൺ ഹാൾ റോഡ്, മാനാഞ്ചിറ കോംട്രസ്റ്റ് ഭാഗങ്ങളിലായിരുന്നു പരിശോധന.

പലയിടത്തും ആയുധങ്ങൾ ശേഖരിക്കാൻ സാദ്ധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവയുടെ സഹായത്തോടെയായിരുന്നു പഴുതടച്ചുള്ള പരിശോധന.

ആലപ്പുഴ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം മൂന്നു ദിവസം കർശന നിരീക്ഷണത്തിന് ഡി.ജി.പി സർക്കുലർ ഇറക്കിയതോടെ ജില്ലയിലെ വിവിധ മേഖലകളിൽ പൊലീസ് സംഘം വാഹനങ്ങളെന്ന പോലെ പ്രധാന കേന്ദ്രങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

ജില്ലയിലെ എല്ലാ സ്‌റ്റേഷൻ പരിധിയിലും പൊലീസ് കർശനപരിശോധന തുടരുന്നുണ്ട്.

മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, പാളയം ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ് എന്നിങ്ങനെ ആളുകൾ കൂടുന്ന ഇടങ്ങൾക്കു പുറമെ ഒഴിഞ്ഞ പ്രദേശങ്ങൾ, നിർമ്മാണം നിലച്ച കെട്ടിടങ്ങൾ, സ്റ്റേഡിയം കോംപ്ലക്സ് പരിസരം എന്നിവിടങ്ങളിലും അന്വേഷണസംഘങ്ങൾ എത്തിയിരുന്നു. ശക്തമായ മുൻകരുതൽ നടപടികൾ ഉറപ്പാക്കണമെന്ന ഡി.ജി.പി മുന്നറിയിപ്പിന്റെ വെളിച്ചത്തിൽ അതീവ ജാഗ്രതയോടെയാണ് പരിശോധന.

ഈ മൂന്നു ദിവസത്തേക്ക് മതിയായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ പൊലീസുകാർക്ക് അവധി നൽകൂ എന്നും പട്രോളിംഗ് പരമാവധി ശക്തമാക്കണമെന്നും സർക്കുലറിൽ ഓർമ്മിപ്പിക്കുന്നുണ്ട്. വാഹന പരിശോധന സംസ്ഥാനവ്യാപകമായി തുടരും.

ക്രിമിനൽ പശ്ചാത്തലമുള്ളവരെയൊക്കെ നിരീക്ഷിക്കുന്നുണ്ട്. അറസ്റ്റ് വാറന്റ് നിലവിലുള്ള എല്ലാവരെയും അടിയന്തരമായി പിടികൂടാൻ സ്‌പെഷ്യൽ ഡ്രെെവ് നടക്കുകയാണ്. സംഘർഷബാധിത പ്രദേശങ്ങളിൽ മൂന്നു ദിവസത്തേക്ക് മൈക്കിന് അനുമതിയില്ല.

ഹെഡ് ക്വാർട്ടേഴ്സിൽ എല്ലാ സീനിയർ ഓഫീസർമാരും 24 മണിക്കൂറും ഡ്യൂട്ടിയിൽ ഉണ്ടാവണമെന്നും ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് സംശയിക്കപ്പെടുന്ന നേതാക്കന്മാർക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്. സ്പെഷൽ ബ്രാഞ്ച് എ.സി.പി എ.ഉമേഷ്, ടൗൺ സി.ഐ അനിതകുമാരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നഗരത്തിലെ പരിശോധന. ബോംബ് ഡിറ്റക്ടിംഗ് ഡോഗ് റാംബോയും നാർകോട്ടിക് മിഷൻ ‌ഡോഗ് ബ്ലാക്കിയുമാണ് സംഘത്തിനൊപ്പമുണ്ടായിരുന്നത്.