ലഭിച്ചത് 389 അപേക്ഷകൾ

അപേക്ഷകൾ ഓൺലൈനിൽ സ്വീകരിക്കും


കൽപ്പറ്റ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന് ജില്ലയിൽ ഇതുവരെ 389 അപേക്ഷകൾ ലഭിച്ചു. 172 അപേക്ഷകളിൽ മരിച്ചയാളുടെ അടുത്ത ബന്ധുക്കൾക്ക് ധനസഹായമായ അമ്പതിനായിരം രൂപ വീതം കൈമാറി. 117 അപേക്ഷകളിൽ വില്ലേജ് ഓഫീസ് തലത്തിൽ നടപടി പുരോഗമിക്കുന്നു.

ജില്ലയിൽ ഇതുവരെ 682 കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ധനസഹായത്തിനുള്ള അപേക്ഷ ഓൺലൈൻ വഴിയാണ് സ്വീകരിക്കുന്നത്.

മരിച്ചവരുടെ ലിസ്റ്റ് പരിശോധിച്ച് ധനസഹായത്തിന് അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവരുടെ ലിസ്റ്റ് വില്ലേജ് തലത്തിൽ തയ്യാറാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ട്രൈബൽ എക്സ്റ്റൻഷണൽ ഓഫീസർമാർക്കും കൈമാറാൻ ബന്ധപ്പെട്ട തഹസിൽദാർമാർക്ക് കലക്ടർ നിർദ്ദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ലഭ്യമാകുന്ന ലിസ്റ്റ് വാർഡ്തല ആർ.ആർ.ടിയ്ക്ക് കൈമാറണം. ഇവർ വാർഡ്തലത്തിൽ വീടുകൾ സന്ദർശിച്ച് അപേക്ഷ സമർപ്പിക്കുന്നതിനും കൊവിഡ് മരണ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുമുളള സഹായങ്ങൾ ചെയ്യണം.

പട്ടിക വർഗ വിഭാഗക്കാരുടെ കാര്യത്തിൽ പട്ടിക വർഗ വകുപ്പ് ഉദ്യോഗസ്ഥരും അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉറപ്പാക്കണം. ലഭിക്കുന്ന അപേക്ഷകളിൽ അതത് ദിവസം തന്നെ റിപ്പോർട്ട് അംഗീകാരത്തിന് സമർപ്പിക്കുന്നുണ്ടെന്ന് തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും ഉറപ്പാക്കണം. വെബ്‌സൈറ്റ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാതലത്തിൽ ഒരു പ്രോഗ്രാമറെ നിയമിക്കും.


അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ

covid19.kerala.gov.in എന്ന വെബ്‌സൈറ്റിൽ കൊവിഡ് ഡെത്ത് ഡിക്ലറേഷൻ ലിസ്റ്റ് എന്ന ടാബിൽ കയറിയാൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ ലഭിക്കും. ഈ പട്ടികയിൽ പേര്, വിവരങ്ങളുള്ള വ്യക്തികൾക്ക് മാത്രമാണ് ധനസഹായത്തിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. പട്ടികയിൽ പേര് ലഭ്യമാണെങ്കിൽ വെബ്‌സൈറ്റിന്റെ ആദ്യ പേജിലേക്ക് തിരികെ പോവുകയും ശേഷം ഐ.സി.എം.ആർ സർട്ടിഫിക്കറ്റ് റിക്വസ്റ്റ് എന്ന ടാബിൽ ക്ലിക്ക് ചെയ്ത് ആശ്രിതരുടെ മൊബൈൽ നമ്പർ നൽകിയാൽ ഒ.ടി.പി നമ്പർ ലഭിക്കും. ഇത്തരത്തിൽ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് അപേക്ഷ ഫോറം പൂരിപ്പിക്കണം. അപേക്ഷകൾ ഹെൽത്ത് കൺട്രോൾ റൂം പരിശോധിച്ച് യോഗ്യത ഉറപ്പാക്കി സർട്ടിഫിക്കറ്റ് നൽകും. ശേഷം അക്ഷയ കേന്ദ്രം മുഖേന relief.kerala.gov.in എന്ന വെബ്‌സൈറ്റിൽ ധനസഹായത്തിന് അപേക്ഷ സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾ മുഖേന സമർപ്പിക്കുന്ന അപേക്ഷകൾ വില്ലേജ് ഓഫീസർ പരിശോധിച്ച് ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറും. തുക ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.