കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ കരണ്ടോട് പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ പശുക്കൾ ചത്തതിന്റെ കാരണം പേവിഷബാധ മൂലമാണെന്ന് അധികൃതർ വ്യക്തമാക്കി. കണ്ണൂർ റീജണൽ ഡിസീസ് ഡയഗ്നോസിസ് ലബോറട്ടറിയിൽ നടന്ന പരിശോധനയിലൂടെയാണ് പേവിഷബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കുനിയിൽ റീജുവിന്റെ എട്ട് മാസം പ്രായമായ കിടാവ് ചത്തത് മറ്റു രോഗകാരണമാണെന്നും പരിശോധനയിൽ വ്യക്തമായി. തുടർച്ചയായ ദിവസങ്ങളിൽ മൂന്ന് പശുക്കൾ കണ്ടോട് പ്രദേശത്ത് ചത്തത് ക്ഷീര കർഷകരിലും പ്രദേശവാസികളിലും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഞായറാഴ്ച ആർ.ഡി.ഡി.എൽ വിദഗ്ധ സംഘം ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ. രഞ്ജിനിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും ചത്തപശുവിന്റെ അവയവം പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തത്.