കുന്ദമംഗലം: കുന്ദമംഗലം സർക്കാർ ആശുപത്രിയിൽ അഞ്ച് ദിവസമായി റാബിസ് വാക്സിൻ സ്റ്റോക്കില്ല. അതിനാൽ വളർത്തുമൃഗങ്ങളിൽനിന്നും കുത്തിവെപ്പിനെത്തുന്നവർ അങ്കലാപ്പിലായിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളിലാവട്ടെ റാബിസ് വാക്സിൻ കുത്തിവെപ്പിന് വൻതുകയാണ് ഈടാക്കുന്നത്. തിരുവനന്തപുരത്തുള്ള കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നിന്നാണ് സർക്കാർ ആശുപത്രികളിലേക്ക് വാക്സിൻ എത്തേണ്ടത്. അവിടെയും സ്റ്റോക്കില്ലാത്തതിനാലാണ് വൈകുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. മുക്കം,ചാത്തമംഗലം തുടങ്ങി അടുത്ത ഹെൽത്ത് സെന്ററുകളിലും റാബിസ് വാക്സിൻ സ്റ്റോക്ക് ഇല്ല. വളർത്തുമൃഗങ്ങളിൽ നിന്നും കടിയേറ്റ് ദിനംപ്രതി ഒന്നിലധികം ആളുകളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളിൽ എത്താറുള്ളത്. ഈ സാഹചര്യത്തിൽ റാബിസ് വാക്സിൻ എല്ലാദിവസവും കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഉറപ്പുവരുത്തണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. മെഡിക്കൽ സർവീസ് കോർപ്പറേഷനുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും റാബിസ് വാക്സിൻ ഉടനെ ലഭ്യമാകുമെന്നും കുടുബാരോഗ്യകേന്ദ്ര അധികൃതർ അറിയിച്ചു.