ബാലുശ്ശേരി: നന്മണ്ടയിലെ ഭർത്തൃവീട്ടിൽ നിന്നു കാണാതായ യുവതിയുടെ മൃതദേഹം വീടിനടുത്തുള്ള പാറക്കുളത്തിൽ കണ്ടെത്തി. നന്മണ്ട പരലാട് പാറക്കുഴി മീത്തൽ രജീഷിന്റെ ഭാര്യ ശിശിര (23) ആണ് മരിച്ചത്. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജഡം പുറത്തെടുത്തത്.

മടവൂർ തറോൽ പൊയിൽ സുരേന്ദ്രൻ - ഷീബ ദമ്പതികളുടെ മകളാണ്. സഹോദരൻ: ആദർശ്.

ഇന്നലെ പുലർച്ചയോടെയാണ് ശിശിരയെ വീട്ടിൽ നിന്നു കാണാതായത്. തുടർന്ന് രജീഷിന്റെ പിതാവ് ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടുകാരും അയൽവാസികളും ചേർന്ന് നടത്തിയ തെരച്ചിലിനിടെ പാറക്കുളത്തിനടുത്ത് ശിശിരയുടെ മൊബൈൽ ഫോണും ചെരുപ്പും കണ്ടെത്തിയിരുന്നു. തുടർന്നാണ് കുളത്തിൽ

പത്ത് മീറ്ററിലധികം ആഴമുള്ള ഭാഗത്തു മൃതദേഹം കണ്ടെത്തിയത്.

നരിക്കുനി ഫയർ ആൻഡ് റസ്ക്യൂ അസി. സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു സ്കൂബ ടീം അംഗങ്ങളുടെ തെരച്ചിൽ.