
കുറ്റ്യാടി: ടൗൺ പരിസരങ്ങളിലെ റോഡുകളിൽ നിന്നും മാഞ്ഞുപോയ സീബ്രാലൈനുകൾ പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. കുറ്റ്യാടി ടൗൺ ജംഗ്ഷനിൽ നിന്നും കടന്ന് പോകുന്ന വയനാട്, നാദാപുരം, കോഴിക്കോട്, മരുതോങ്കര റോഡുകളിൽ വർഷങ്ങൾക്ക് മുൻപ് വരച്ച സീബ്രാലൈനുകൾ പൂർണ്ണമായും മാഞ്ഞുപോയിട്ടുണ്ട്.
കുറ്റ്യാടി അങ്ങാടി, എം.ഐ.യു.പി സ്കൂൾ പരിസരം ,പുതിയ ബസ്സ് സ്റ്റാൻഡ് മുൻവശം, കുറ്റ്യാടി ഗവ: ആശുപത്രിയുടെ മുൻ വശം എന്നിവിടങ്ങളിലെല്ലാം സീബ്രാ വരകൾ മാഞ്ഞുപോയി. മറ്റ് ദേശങ്ങളിൽ നിന്നും ഈ വഴികളിൽ കൂടി സഞ്ചരിക്കുന്ന പരിചിതരല്ലാത്ത ഡ്രൈവർമാർ പ്രദേശത്തിന്റെ സാഹചര്യം മനസ്സിലാക്കാതെ വാഹനം ഓടിക്കുന്നത് അപകട സാദ്ധ്യത കൂട്ടും. ഹോം ഗാർഡുകളുടെ ശ്രദ്ധ ജംഗ്ഷനിൽ മാത്രം ഒതുങ്ങുമ്പോൾ മറ്റ് തിരക്കുള്ള ഭാഗങ്ങളിൽക്കൂടി റോഡിന് കുറുകെ സഞ്ചരിക്കുന്നവർക്ക് അപകട ഭീഷണി തുടരുകയാണ്. ബന്ധപെട്ട അധികാരികൾ കുറ്റ്യാടി ടൗൺ പരിസരങ്ങളിലെ സീബ്രാലൈനുകൾ പുന:സ്ഥാപിക്കണമെന്ന പൊതു ജനാഭിപ്രായം ശക്തമാണ്.