
കുറ്റ്യാടി: ടാറിംഗ് നടത്തി നവീകരിച്ചാൽ വയനാട് ഭാഗത്തേയ്ക്ക് ചുരം കയറാതെ പോകാൻ കഴിയുന്ന റോഡാണ് കാവിലുംപാറ പഞ്ചായത്തിലെ പുതംമ്പാറ - പക്രം തളം പി.ഡബ്ല്യൂ.ഡി റോഡ്. എന്നാൽ ഇപ്പോൾ ഇതുവഴി യാത്ര കാൽനടയാത്രപോലും ദുസ്സഹമാണ്. തകർന്നുകിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. 1980 പാത വെട്ടി വഴിയൊരുക്കുകയും 1990 ൽ ടാറിംഗ് പൂർത്തിയാക്കുകയും തുടർന്ന് മരാമത്ത് പണികൾ നടത്താത്തതിനാൽ പൊട്ടി തകരുകയുമായിരുന്നു. പിന്നീട് ഇന്നാളത്രയും ഈ റോഡിൽ ഒരു നവീകരണ പ്രവർത്തികളും നടന്നിട്ടില്ല. ആറ് കിലോമീറ്ററിലധികം ദൂരമുള്ള ഈ റോഡിന്റെ മൂന്നിലധികം കിലോമീറ്റർ പൂർണമായും തകർന്ന് കരിങ്കൽ ചീളുകൾ വ്യാപിച്ച് കിടക്കുകയാണ്.
ആശുപത്രികളിലും മറ്റ് ദൈനംദിന കാര്യങ്ങൾക്കും തൊട്ടടുത്ത അങ്ങാടിയായ തൊട്ടിൽ പാലത്തേയ്ക്ക് എത്തിപ്പെടാൻ ഏറെ പ്രയാസമാണ്. നൂറോളം കുടുബങ്ങൾ ഉണ്ടായിരുന്ന ഇവിടെ കാട്ട് മൃഗങ്ങളെയും പ്രകൃതിക്ഷോഭത്തെയും അതിജീവിച്ചു ഇപ്പോഴുള്ളത് നാൽപ്പതോളം കുടുംബങ്ങൾ മാത്രമാണ്. മറ്റുള്ളവർ കിട്ടിയ വിലയ്ക്ക് ഭൂമി വിറ്റ് മറ്റ് പ്രദേശങ്ങളിലേക്ക് മാറി താമസിക്കുകയാണ്.
ഈയ്യിടയായി വനാന്തരങ്ങളിൽ തീറ്റ ലഭിക്കാതെ കാട്ടാനക്കൂട്ടം വിഹരിക്കുന്ന കേന്ദ്രമാണ് ചൂരണി, പക്രം തളം ഭാഗം. തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേരാണ് ഈ പ്രദേശങ്ങളിൽ ജോലി ചെയ്യുന്നത്. അത്യാഹിതങ്ങൾ സംഭവിച്ചാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ പോലുമാവില്ല. പൂതംമ്പാറ-ചൂരണി റോഡ് നവീകരിച്ചാൽ കുറ്റ്യാടി- തൊട്ടിൽ പാലം- വയനാട് സംസ്ഥാന പാതയിലെ അസൗകര്യവും ലഘൂകരിക്കാം.
പക്രം തളം, പൂതംമ്പാറ, റോഡ് സഞ്ചാരയോഗ്യമാക്കി പ്രദേശവാസികളുടെ ആശങ്ക അകറ്റണം
എ.ആർ വിജയൻ
സി.പി.എം ചാത്തൻകോട്ട് നട ലോക്കൽ സെക്രട്ടറി
റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തി യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്ന് സർക്കാരിനോടും പി.ഡബ്ലു.ഡി മന്ത്രിയോടും ആവശ്യട്ടിട്ടുണ്ട്. പി.ജി.ജോർജ്ജ്
കാവിലുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്