കോഴിക്കോട്: ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 20 മുതൽ 23 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ ഇന്ത്യയുൾപ്പെടെ പന്ത്രണ്ടോളം രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരായ എഴുത്തുകാർ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുക്കും.
ജെഫ്രി ആർച്ചർ, അദാ യോനത്, അഭിജിത്ത് ബാനർജി, അരുന്ധതി റോയ്, റെമോ ഫെർണാണ്ടസ്, സാഗരിക ഘോഷ്, വെൻഡി ഡോണിഗർ, ശശി തരൂർ, മനു എസ്.പിള്ള, ദേവദത്ത് പട്നായിക്, സുധീർകാക്കർ, പവൻവർമ്മ, പെരുമാൾമുരുകൻ, പ്രകാശ് രാജ്, വില്യം ഡാൽറിംപിൾ, പോള റിച്ച്മാൻ, എം.മുകുന്ദൻ, അനിതനായർ, ബെന്യാമിൻ, ടി.എം.കൃഷ്ണ, കെ.ആർ.മീര, സുനിൽ പി.ഇളയിടം, പോൾ സക്കറിയ തുടങ്ങി 400ലധികം പ്രമുഖർ അണിചേരും.
ശാസ്ത്രം, സാങ്കേതികവിദ്യ, കല, സിനിമ, രാഷ്ട്രീയം, സംഗീതം, പരിസ്ഥിതി, സാഹിത്യം, ബിസ്‌നസ് സംരംഭകത്വം, ആരോഗ്യം, വിനോദം, യാത്ര, ടൂറിസം, ലിംഗഭേദം, സമ്പദ് വ്യവസ്ഥ, സംസ്‌കാരം ജീനോമിക്‌സ് , ചരിത്രം തുടങ്ങി വിവിധ വിഷയങ്ങളിൽ സംവാദം നടക്കും. വിവിധ വിഷയങ്ങളിൽ ഇരുനൂറിലേറെ സെഷനുകളുണ്ടാവും. ഫയർ സൈഡ് ചാറ്റുകൾ, സംഗീത കച്ചേരികൾ, ക്ലാസിക്കൽ, തീയേറ്റർ, പെർഫോമിഗ് ആർട്ടിസ്റ്റുകളുടെ കലാവിരുന്നുകൾ എന്നിവ മേളയ്ക്ക് കൊഴപ്പേകും.