calicutchemberr
കാലിക്കറ്റ് ചേംബർ ഭവൻ

കോഴിക്കോട്: കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പുതിയ ഓഫീസ് സമുച്ചയം നാളെ തുറക്കുന്നു. അശോകപുരത്ത് സെന്റ് വിൻസെന്റ് കോളനി റോഡിൽ നിർമ്മിച്ച 'ചേംബർ ഭവന്റെ' ഉദ്ഘാടനം വൈകിട്ട് 4ന് എം.എ.യൂസഫലി നിർവഹിക്കും.

സംരംഭകരുടെ ഹബ്ബായി കോഴിക്കോടിനെ ഉയർത്തുകയെന്ന ലക്ഷ്യവുമായുള്ള ചേംബറിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഓഫീസ് സമുച്ചയം ഊർജ്ജം പകരുമെന്ന് പ്രസിഡന്റ് സുബൈർ കൊളക്കാടൻ, സെക്രട്ടറി രാജേഷ് കുഞ്ഞപ്പൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചേംബർ ഓഫീസിനു പുറമെ എം.എൽ. ഗുപ്ത മെമ്മോറിയൽ ഹാളുമുണ്ട് ഒന്നാം നിലയിൽ. സംരംഭക വികസന പദ്ധതികളും സ്റ്റാർട്ട് അപ്പ് പദ്ധതികളും രണ്ടാം നിലയിൽ പ്രവർത്തിക്കും.

പൊതുവെ സംരംഭകർക്ക് അനുകൂലമായ സമീപനമാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടേത്. ഇത് പരമാവധി പ്രയോജനപ്പെടുത്തി കോഴിക്കോടിനെ വിപുലമായ സംരംഭക വികസന ഹബ്ബാക്കി മാറ്റാനാവുമെന്ന വിശ്വാസമുണ്ട്. വ്യാപാരി - വ്യവസായി സംരംഭകർക്കും മറ്റുള്ളവർക്കും പ്രാഥമിക വിവരങ്ങളെന്ന പോലെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും ചേംബർ തുണയ്ക്കും.
കേരളത്തിലെ അഭ്യസ്തവിദ്യരായ പുതുതലമുറക്കാരിൽ 50 ശതമാനത്തോളം പേരെങ്കിലും സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവരാണ്. എന്നാൽ അവരരെ ശരിയായ ദിശയിൽ നയിക്കാനും പ്രോത്സാഹനം നൽകാനും മതിയായ സംവിധാനമില്ലെന്ന പോരായ്മയുണ്ട്. അത് നികത്താനാണ് ചേംബർ ലക്ഷ്യമിടുന്നത്.
കോഴിക്കോട് സംരംഭക ഹബ്ബായി മാറുന്നതോടെ നാടിന്റെ നാനാ തുറയിലും വികസനമെത്തും. ജോലി സാദ്ധ്യതകളും വർദ്ധിക്കും. കഴിഞ്ഞ 22 വർഷമായി മലബാറിന്റെ, പ്രത്യേകിച്ച് കോഴിക്കോടിന്റെ സമഗ്ര മുന്നേറ്റത്തിന് ഗണ്യമായ സംഭാവനയർപ്പിക്കാൻ കാലിക്കറ്റ് ചേംബറിന് കഴിഞ്ഞിട്ടുണ്ട്. കാലിക്കറ്റ് എയർപോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ടൂറിസം, റെയിൽവേ, ബേപ്പൂർ പോർട്ട് വിഷയങ്ങളിലും ചേംബർ എപ്പോഴും മുൻനിരയിലുണ്ട്.
വാർത്താസമ്മേളനത്തിൽ എം.മുസമ്മിൽ, ടി.പി.അഹമ്മദ് കോയ, റാഫി പി.ദേവസ്സി എന്നിവരും സംബന്ധിച്ചു.