സുൽത്താൻ ബത്തേരി: തൊഴിലാളികളുടെയും കൊയ്ത്ത് യന്ത്രത്തിന്റെയും ക്ഷാമം നെൽകർഷകരെ പ്രയാസത്തിലാക്കുന്നു. കൊയ്യാൻ പാകമായ നെൽവയലുകളിൽ നിന്ന് കൊയ്ത്ത് യന്ത്രത്തിന്റെ മുരൾച്ച കേൾക്കാനില്ല.
തൊഴിലാളികളെയും യന്ത്രവും കിട്ടാനില്ലാതെ ഹെക്ടർകണക്കിന് വയലുകളിലെ നെല്ലാണ് കൊയ്‌തെടുക്കാൻ കഴിയാതെ കിടക്കുന്നത്.
തുടർച്ചയായി പെയ്ത മഴകാരണം വിളഞ്ഞുകിടന്ന നെല്ല് വെള്ളത്തിലായി. വെള്ളം കെട്ടിനിന്ന് വയലിൽ യന്ത്രമിറക്കി കൊയ്യാനും കഴിഞ്ഞില്ല. പലയിടത്തും ആവശ്യത്തിന് തൊഴിലാളികളെയും കിട്ടാനില്ല.
മഴ മാറിയതോടെ എല്ലാവരും നെല്ല് കൊയ്‌തെടുക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ ആവശ്യത്തിന് യന്ത്രം കിട്ടാനില്ലാത്തത് കൊയ്ത്ത് നീളാൻ ഇടയാക്കി.
കൃഷി വകുപ്പിന് കീഴിൽ കൊയ്ത്ത് മെതി യന്ത്രങ്ങൾ ഉണ്ടങ്കിലും പലതും പ്രവർത്തന രഹിതമാണ്. ചെറിയ റിപ്പയർ ചെയ്താൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾപോലും കേടാണെന്ന് പറഞ്ഞു നിർത്തിയിട്ടിരിക്കുകയാണ്. നിസ്സാര കേടുപാടുകൾ ഉള്ളതിന്റെ പേരിൽ ജില്ലയിലെ പല കൃഷിഭവനുകളിലും ഇത്തരത്തിൽ കൊയ്ത്ത് മെതിയന്ത്രങ്ങൾ വെറുതെ കിടക്കുകയാണ്.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് കൃഷിഭവൻ മുഖേന നൂൽപ്പുഴ പഞ്ചായത്തിലെ നെൽകർഷകർക്കായി 30 ലക്ഷം രൂപ ചെലവഴിച്ചാണ് കെയ്ത്ത്‌മെതി യന്ത്രം വാങ്ങിയത്. പഞ്ചായത്തിലെ എല്ലാ നെൽകർഷകർക്കും കുറഞ്ഞ ചെലവിൽ നെല്ല് കൊയ്യാനും മെതിക്കാനുമുപയോഗിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യന്ത്രം വാങ്ങിയത്. ഒരു വർഷം മാത്രമാണ് കർഷകർക്ക് യന്ത്രം ഉപകരിച്ചത്. നിസ്സാര കേട്പാടിന്റെ പേരിൽ ഏഴ് വർഷമായി മാതമംഗലത്തെ പാതയോരത്ത് കിടക്കുകയാണ് യന്ത്രം.
തമിഴ്നാട്ടിൽ നിന്ന് കൊയ്ത്ത്‌മെതി യന്ത്രങ്ങൾ കഴിഞ്ഞ മാസം വന്നെങ്കിലും മഴയും, വാടക ഏകീകരണത്തെചൊല്ലിയുള്ള തർക്കവും കാരണം ഇവർ കർണാടകയിലെ പാടങ്ങളിലേക്ക് പോയി.
നെൽകൃഷി വിളവെടുപ്പ് സമയത്ത് തൊഴിലാളികൾ തൊഴിലുറപ്പ് പണിയിലേക്ക് നീങ്ങിയതും തൊഴിലാളി ക്ഷാമത്തിന് ഇടയാക്കി. തൊഴിലുറപ്പ് തൊഴിലാളികളെകൊണ്ട് നെല്ല്‌കൊയ്‌തെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നുണ്ട്.
ഫോട്ടോ--യന്ത്രം
മാതമംഗലത്ത് പാതയോരത്ത് കിടന്ന് നശിക്കുന്ന കൊയ്ത്ത് മെതിയന്ത്രം