മാനന്തവാടി: കടുവ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കാര്യക്ഷമമായി ഇടപെടാത്ത വയനാട് ജില്ലാ കലക്ടർ ജനകീയ സമരങ്ങളിൽ ജില്ലാ ഭരണാധികാരികൾ പാലിക്കേണ്ട കീഴ് വഴക്കങ്ങളും പാലിക്കുന്നില്ലെന്ന് എ.ഐ.സി.സി അംഗവും മുൻ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി. മാനന്തവാടിയിൽ റിലേ സത്യാഗ്രഹത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
പി.ടിതോമസ് എം.എൽ.എ.യുടെ നിര്യാണത്ത തുടർന്ന് യു.ഡി.എഫ് മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തിവന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം താൽകാലികമായി നിർത്തിവെച്ചു. പി.കെ.ജയലക്ഷ്മി നിരാഹാരം ആരംഭിച്ച് അര മണിക്കൂറിനകമാണ് മരണവാർത്ത എത്തിയത്. മൂന്നാം ദിവസത്തെ സമരം കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എ.ആന്റണി ഉദ്ഘാടനം ചെയ്തു.
സമരം തുടങ്ങി മൂന്ന് ദിവസമായിട്ടും സർക്കാരിന് വേണ്ടി കലക്ടർ ചർച്ചയ്ക്ക് പോലും തയ്യാറാകാത്തത് പ്രതിഷേധാർഹമാണന്ന് ജയലക്ഷ്മി പറഞ്ഞു. കടുവയുടെ ആക്രമണങ്ങൾക്കിരയായ ഒരു പ്രദേശത്തെ ജനങ്ങളോടുള്ള സർക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ജയലക്ഷ്മി പറഞ്ഞു.
ദു:ഖാചരണത്തിന് ശേഷം റിലേ സത്യാഗ്രഹം പുനരാരംഭിക്കുമെന്ന് യു.ഡി.എഫ് മണ്ഡലം ചെയർമാൻ എൻ.കെ. വർഗീസ് സമരസമിതി കോഡിനേറ്റർ എ.എം.നിഷാന്ത് എന്നിവർ പറഞ്ഞു.