lockel

ഫറോക്ക്: ബേപ്പൂർ - ചെറുവണ്ണൂർ റോഡിൽ ചീർപ്പുപാലത്തിനു സമീപത്തൂകൂടെ പോകുമ്പോൾ മൂക്കുപൊത്തേണ്ട അവസ്ഥയാണ്. റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം നിറച്ച ചാക്കുകൾ ചിതറിക്കിടക്കുകയാണ്.​ വിജനമായ സ്ഥലമായതുകൊണ്ടുതന്നെ മാലിന്യങ്ങൾ തള്ളാൻ സാമൂഹ്യവിരുദ്ധർക്ക് സൗകര്യവുമാണ്. രാത്രിയിൽ വാഹനങ്ങളിൽ മാലിന്യങ്ങൾ കൊണ്ടുവരുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കോഴിക്കടയിലെ മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, ഉപേക്ഷിച്ച പ്ലാസ്റ്റിക് വസ്തുക്കൾ തുടങ്ങിയ മാലിന്യങ്ങളാണ് തള്ളുന്നത്. ചെറുവണ്ണൂരിനെയും ബേപ്പൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. മാലിന്യം കഴിക്കാൻ ഈ ഭാഗത്ത് തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കൾ വഴി പോക്കർക്കു ഭീഷണിയാവുന്നുണ്ട്.​​ കാക്കകളും പക്ഷികളും മാലിന്യങ്ങൾ കൊത്തി വലിച്ച് കിണറുകളിലും ജലാശങ്ങളിലും കൊണ്ടിടുന്നതും പതിവാണ്.​ ഇത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പ്രദേശത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.​ കോർപ്പറേഷൻ പരിധിയിൽപെടുന്ന ഈ പ്രദേശത്തേക്ക് ജനപ്രതിനിധികൾ എത്തുന്നില്ലെന്നാണ് നാട്ടുകാരുടെ മറ്റൊരു പരാതി.