സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ ഓടപ്പള്ളം കാട്ടുനായ്ക്ക കോളനിയിലെയും സമീപത്തെയും മുപ്പതോളം കുടുംബങ്ങൾ കോളനിയിലേയ്ക്കെത്താൻ ഗതാഗത യോഗ്യമായ വഴിയില്ലാത്തതിനാൽ ദുരിതത്തിലായി.
ഓടപ്പള്ളം റോഡിൽ നിന്നു മാറി വനമേഖലയുടെ ഓരത്തായാണ് കാട്ടുനായ്ക്ക കുടുംബങ്ങൾ താമസിക്കുന്നത്. തോട് ഇറങ്ങികടന്ന് വനമേഖലയുടെ ഓരത്തുകൂടി അഞ്ഞൂറ് മീറ്ററോളം നടന്ന് വേണം ഇവിടെയെത്താൻ. കോളനിയിലെ വീട് നിർമ്മാണത്തിന് സമീപവാസികൾ വിട്ടുനൽകിയ ഭൂമി കരാറുകാരൻ ജെസിബി ഉപയോഗിച്ച് നിരത്തിയാണ് സാധന സാമഗ്രികൾ കോളനിയിലെത്തിച്ചത്.
വനാതിർത്തിയിലെ ആനപ്രതിരോധ കിടങ്ങിന് സമീപത്തുകൂടിയുള്ള റോഡിലൂടെ കഴിഞ്ഞ ദിവസം ഒരു ടിപ്പർ ലോറി കടന്നുപോയതോടെ റോഡ് ഇടിഞ്ഞു. ഇപ്പോൾ ഒരു വാഹനത്തിനു കോളനിയിലെത്താൻ പറ്റാത്ത സ്ഥിതിയാണ്. അത്യാവശ്യകാര്യത്തിന് ഓട്ടം വിളിച്ചാലും ആരും ഇവിടേക്ക് വരാറില്ല. കോളനിയിൽ ആർക്കെങ്കിലും അസുഖം ബാധിച്ചാൽ രോഗിയെ ചുമന്ന് വേണം വാഹനം എത്തുന്ന റോഡിലേക്ക് എത്തിക്കാൻ. മഴപെയ്താൽ കാൽനടയാത്ര പോലും റോഡിലൂടെ പ്രയാസമാണ്. കോളനിവാസികൾക്കും സമീപത്തുള്ള മറ്റുള്ളവർക്കും പുറംലോകത്തെത്താൻ ഏക ആശ്രയം ഈ പാതയാണ്.
ഫോട്ടോ--ജിആർ
തകർന്ന് കിടക്കുന്ന ഓടപ്പള്ളം കോളനിയിലേക്കുള്ള മൺപാത