മുക്കം: മലയോര മേഖലയുടെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായതായി ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു. ടണൽ ആരംഭിക്കുന്ന ആനക്കാംപൊയിൽ ഭാഗത്ത് തിരുവമ്പാടി, കോടഞ്ചേരി വില്ലേജുകളിലെ 7.6586 ഹെക്ടർ ഭൂമിയും അവസാനിക്കുന്ന മീനാക്ഷി ബ്രിഡ്ജ് ഭാഗത്ത് കോട്ടപ്പടി,മേപ്പാടി വില്ലേജുകളിലെ 4.8238 ഹെക്ടർ ഭൂമിയുമാണ്ഏറ്റെടുക്കുന്നത്. മറിപ്പുഴയിൽ ഇരുവഞ്ഞിപുഴയ്ക്ക് കുറുകെയുള്ള പാലം, ഇരു വശത്തും ടണലിലേക്കുള്ള 4 വരി സമീപന റോഡ് എന്നിവ നിർമ്മിക്കുന്നതിനാണ് സ്ഥലം ഉപയോഗപ്പെടുത്തുക. തിരുവമ്പാടി,കോട്ടപ്പടി വില്ലേജുകളിൽ ഏറ്റെടുക്കുന്ന 2.5 ഹെക്ടർ വീതം ഭൂമി ഡംബിംഗ് യാഡ് നിർമ്മിക്കുന്നതിന് ഉപയോഗിക്കും. ലാൻഡ് അക്വിസിഷൻ റൂൾ 2013 പ്രകാരം ഏറ്റെക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരത്തുക നൽകുമെന്നും സ്ഥലമെറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.