1

പയ്യോളി: വീട്ടുവളപ്പിലൂടെ റോഡു വെട്ടുന്നത് തടഞ്ഞ കൊളാവിപ്പാലം കൊളാവി ലിഷയുടെ തലയിൽ മൺവെട്ടി കൊണ്ട് വെട്ടിയ കേസിലെ ഏഴു പ്രതികൾ റിമാൻഡിലായി. കൊളാവി ഷിജു (43), ചെറിയാവി ഷൈബീഷ് (37), ചെറിയാവി സലീഷ് (41), ചെറിയാവി രജീഷ് (42), ചള്ളയിൽ ലിജിൻ നാഥ് (30), കൊളാവിയിൽ ബൈജു (40), പനയുള്ളതിൽ ഷിജിത്ത് (41) എന്നിവരെയാണ് പയ്യോളി കോടതി റിമാൻഡ് ചെയ്തത്. കേസ്സിൽ മറ്റു രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്.

അക്രമസംഭവത്തിൽ ആകെ 37 പേർക്കെതിരെയാണ് പയ്യോളി പോലീസ് കേസെടുത്തത്. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയെന്നറിഞ്ഞതോടെ പ്രതികൾ ഒളിവിൽപ്പോവുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് സെഷൻസ് കോടതി തിങ്കളാഴ്ച തള്ളിയതിനു പിറകെ പ്രതികൾ കഴിഞ്ഞ ദിവസം നേരിട്ട് പയ്യോളി കോടതിയിൽ ഹാജരാവുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകുമെന്ന് പയ്യോളി ഇൻസ്പെക്ടർ കെ.സി.സുഭാഷ്ബാബു പറഞ്ഞു.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ലിഷയുടെ വീട്ടുകാർക്കും അവരുടെ സ്വത്തിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. റോഡ് വെട്ടുന്നതിനെ ചൊല്ലി മൂന്നു വർഷമായി നിലനിൽക്കുന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.