കോഴിക്കോട്: എൻ.എച്ച് ബൈപാസിൽ പൂളാടിക്കുന്നിൽ കാർ തടഞ്ഞ് അരക്കിലോ സ്വർണം കവർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി എലത്തൂർ പൊലീസ്. സ്വർണം തട്ടിയെടുത്ത കേസിനൊപ്പം സ്വർണം കൊണ്ടുവന്ന സംഭവത്തിലേക്കും അന്വേഷണം നീണ്ടുകഴിഞ്ഞു. എൻഫോഴ്സമെന്റ് ഡയരക്ടറേറ്റും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ശേഷം നാട്ടിലേക്ക് പോവുകയായിരുന്ന നാദാപുരം വിഷ്ണുമംഗലം കിഴക്കയിൽ ഇല്ല്യാസ് സഞ്ചരിച്ച കാറ് തടഞ്ഞുനിറുത്തിയാണ് സ്വർണം കവർന്നത്. മുഹമ്മദ്, ഹുസൈൻ എന്നിവരായിരുന്നു കാറിലുണ്ടായിരുന്ന മറ്റു രണ്ടു യാത്രക്കാർ. നാലംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പരാതി.

ദുബായിൽ നിന്ന് കൊണ്ടുവന്ന സ്വർണക്കട്ടികൾ കവർന്നെന്നാണ് പരാതിക്കാരുടെ മൊഴി. പൂളാടിക്കുന്നിൽ കാർ തടഞ്ഞുനിറുത്തി സ്വർണാഭരണങ്ങൾ കവർന്നുവെന്നായിരുന്നു പരാതിക്കാർ ഫോണിൽ ആദ്യം പൊലീസിനെ അറിയിച്ചത്. എന്നാൽ നേരിട്ട് പരാതി നൽകാനെത്തിയപ്പോൾ സ്വർണത്തിന്റെ അളവ് അരക്കിലോയിലെത്തി. പരാതിക്കാരെ പൊലീസ് ഇന്നലെ വീണ്ടും ചോദ്യം ചെയ്തു.