സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ മൂവായിരത്തോളം കർഷകരെ ബാധിക്കുന്ന ഇക്കോ സെൻസിറ്റീവ് സോൺ പ്രഖ്യാപനത്തിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ജനകീയ കമ്മറ്റി രൂപീകരിക്കുന്നതിനുള്ള കർഷക യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30-ന് നായ്‌ക്കെട്ടി എ.എൽ.പി സ്‌കൂളിൽവെച്ച് ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കസ്തൂരിരംഗൻ പരിസ്ഥിതി ലോല പ്രദേശമായി കണ്ടെത്തിയവയിൽ ഭൂരിഭാഗവും നൂൽപ്പുഴ പഞ്ചായത്തിലാണ്. നൂൽപ്പുഴ വില്ലേജ് പൂർണ്ണമായും കിടങ്ങനാട് വില്ലേജിന്റെ ഭൂരിഭാഗവും ഇതിന്റെ പരിധിയിൽ ഉൾപ്പെടും. പഞ്ചായത്തിലെ 205 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതിലോല പ്രദേശം. നോൺ കോർ ഏരിയ എന്നപേരിലാണ് സ്വകാര്യ കൃഷിയിടങ്ങളെപോലും ഈ പദ്ധതിയിൽ വിശേഷിപ്പിക്കുന്നത്. ഇവിടെ എന്തൊക്കെ നിയമങ്ങൾ വരുമെന്ന കാര്യത്തിൽ വ്യക്തതയില്ല.


നാല് ഭാഗവും വനത്താൽ ചുറ്റപ്പെട്ട നൂൽപ്പുഴ പഞ്ചായത്തിലെ ജനവാസകേന്ദ്രങ്ങളായ വടക്കനാട്, കാരശ്ശേരി, പിലാക്കാവ്, മണിമുണ്ട, മാറോട്, കോളൂർ, മുത്തങ്ങ, തകരപ്പാടി, പൊൻകുഴി, കുമഴി, തോട്ടാമൂല, മുക്കുത്തിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഫോറസ്റ്റ് വഴിയാണ് കടന്നുപോകേണ്ടത്. ഈ മേഖല പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുമ്പോൾ ഇവിടത്തെ ആദിവാസികളുടെയും ചെറുകിടകർഷകരുടേയും ജീവിതസാഹചര്യങ്ങളിൽ കടുത്ത നിയന്ത്രണം വരും. നാഷണൽ ഹൈവേ 766-ന്റെ ഇടതുഭാഗം പൂർണ്ണമായും ഇക്കോ സെൻസിറ്റീവ് സോണിന്റെ പരിധിയിൽ വരുമെന്നാണ് കരട് വിജ്ഞാപനത്തിലുള്ളത്.
ജണ്ടകെട്ടിയ വനമേഖലയ്ക്കുള്ളിലായി മാത്രം പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിലോല മേഖല നിലനിർത്തണം. അതേമാതൃകയിൽ തന്നെ വന്യജീവി സങ്കേതത്തിന്റെ ഇക്കോ സെൻസിറ്റീവ് സോണും നിജപ്പെടുത്തണം. ഈ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർവകക്ഷികളുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുന്നതിനായി യോഗം ചേരുന്നത്.

വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് എൻ.എ.ഉസ്മാൻ, പഞ്ചായത്ത് മെമ്പർമാരായ സണ്ണിതയ്യിൽ, കെ.എം.സിന്ധു, ധന്യ വിനോദ്, സുമഭാസ്‌ക്കരൻ എന്നിവരും പങ്കെടുത്തു.