news
പക്രംതളം ചുരം റോഡിൽ ടെമ്പോ ട്രാവലറിന് തീപിടിച്ചപ്പോൾ

കുറ്റ്യാടി: തൊട്ടിൽപാലം - വയനാട് ചുരം റോഡിൽ ഓട്ടത്തിനിടയിൽ ടെമ്പോ ട്രാവലറിൽ തീപിടിത്തം. പെട്ടെന്നു വണ്ടി നിറുത്തി ചാടിയിറങ്ങാനായതുകൊണ്ടു ഇരുപതിലേറെ യാത്രക്കാരും ഡ്രൈവറും പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. തീയണക്കാൻ നാട്ടുകാർ ഏറെ പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വാഹനം ഏതാണ്ടു പൂർണമായി കത്തിനശിച്ചു. ചേലക്കാട് നിന്നു ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തീപിടിത്തത്തിനുള്ള കാരണം സ്ഥിരീകരിച്ചിട്ടില്ല. ഇലക്‌ട്രിക്കൽ ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

പക്രംതളം ചുരത്തിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. കൂരാച്ചുണ്ടിൽ നിന്ന് വെള്ളമുണ്ടയിലെ മരണവീട്ടിലേക്ക് തിരിച്ച വാഹനത്തിനാണ് തീപിടിച്ചത്. ചെറിയ കുമ്പളം സ്വദേശിയുടേതാണ് വാഹനം.

ചുരം കയറ്റത്തിനിടെ ബോണറ്റിൽ നിന്നു പുക ഉയരുന്നതു കണ്ടതോടെ തന്നെ ഡ്രൈവർ പെട്ടെന്നു വാഹനം വഴിയോരത്തേക്ക് ഒതുക്കിനിറുത്തി. യാത്രക്കാർ ഇറങ്ങിത്തീരുമ്പോഴേക്കും മുൻവശത്ത് നിന്ന് തീ ആളിപ്പടരുകയായിരുന്നു. ഏതാണ്ട് 13 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമസ്ഥൻ പറഞ്ഞു.

ചുരം റോഡിൽ രണ്ടു മാസത്തിനിടെ പത്താംവളവിലും പക്രംതളം പാലത്തിനടുത്ത് വച്ചുമായി രണ്ടു വാഹനങ്ങൾക്ക് തീപിടിച്ചിരുന്നു.