 
കോഴിക്കോട്: കുട്ടികളുമായി സംവദിച്ചും സ്‌നേഹം കൈമാറിയും കോഴിക്കോടിന്റെ മനംകവർന്ന് ഹരേക്കള ഹജ്ജബ്ബ. മംഗലാപുരം ബസ്‌സ്റ്റാൻഡിൽ ഓറഞ്ച് വിറ്റുകിട്ടുന്ന വരുമാനത്തിൽ സ്വന്തം ഗ്രാമത്തിൽ സ്‌കൂളുണ്ടാക്കിയതിന് രാജ്യം പത്മശ്രീ നൽകി ആദരിച്ച ഹജ്ജബ്ബയ്ക്ക് കോഴിക്കോട്ടുകാർ നൽകിയത് ഹൃദ്യമായ വരവേൽപ്പ്.മെഡിക്കൽ കോളജ് കാമ്പസ് ഹൈസ്‌കൂളിൽ മീഡിയാ റൂമും കാമ്പസ് ന്യൂസ് ചാനലും ഉദ്ഘാടനം ചെയ്യാനായിരുന്നു ഇന്നലെ ഹജ്ജബ്ബ എത്തിയത്. ' ഈ നാട് എന്നെ അത്ഭുതപ്പെടുത്തുന്നു, ഇവിടത്തുകാരുടെ സ്‌നേഹവും. ഹജ്ജബ്ബയുടെ വാക്കുകളിൽ ഓറഞ്ചിൻ മധുരമൂറി. രാജ്യത്തെ വലിയ ബഹുമതി നേടിയ ഒരാൾ ദൂരദേശത്ത് നിന്ന് വരുന്നെന്നറിഞ്ഞാണ് കുട്ടികൾ കാത്തിരുന്നത്. പ്രൗഢമായ വരവേൽപ്പൊരുക്കി കാത്തിരുന്നവരുടെ മുന്നിലേക്ക് നടന്നുവന്നത് മെലിഞ്ഞുണങ്ങിയ ഒരു പാവം മനുഷ്യൻ. വേഷം ഒറ്റമുണ്ടും നിറംമങ്ങിയ വെള്ള ഷർട്ടും. ആളാരെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടികൾ ഓടിയടുത്തു. കൈപിടിച്ചു, തൊട്ടുനോക്കി. പിന്നെ കുട്ടികളും ഹജ്ജബ്ബയും സ്‌നേഹത്താൽ ഒന്നായി. ഹജ്ജബ്ബ പറഞ്ഞു തുടങ്ങി. ' മംഗലാപുരം ടൗൺ ആദ്യകാലം മുതലേ മലയാളികളടക്കം വിവിധ ഭാഷക്കാരുടെ കേന്ദ്രമായിരുന്നു. പല സംസ്ഥാനങ്ങളിൽ നിന്നായി നിരവധി ബസുകൾ അവിടെ പറന്നെത്തും. പക്ഷെ നിരക്ഷരനായ എനിക്ക് ഇവരോട് സംസാരിക്കാൻ പ്രയാസമായിരുന്നു. നാരങ്ങ പലപ്പോഴും വിലപേശി വിൽക്കാൻപോലും പറ്റാത്ത അവസ്ഥ. അങ്ങനെയാണ് എനിക്കില്ലെങ്കിലും ഗ്രാമത്തിലെ അടുത്ത തലമുറയ്ക്കെങ്കിലും വിദ്യാഭ്യാസം ഉണ്ടാവണമെന്നാഗ്രഹിച്ചത്. പലരോടും പറഞ്ഞപ്പോൾ ഭ്രാന്താണെന്ന് കളിയാക്കി. ഒടുക്കം സ്ഥലത്തെ പള്ളിയിൽ ഒറ്റമുറി ഒഴിഞ്ഞുകിട്ടി. നാരങ്ങ വിറ്റുകിട്ടുന്ന പണത്തിൽ നിന്ന് വീട്ട് ചെലവ് ചുരുക്കി സ്‌കൂളിനായി ഫണ്ട് സ്വരൂപിച്ചു. ആദ്യം 26 കുട്ടികളും ഒരു അദ്ധ്യാപകനും. ഇന്നത് 400 കുട്ടികളുള്ള സ്‌കൂളാണ്. കോഴിക്കോട്ടെ ഈ സ്‌കൂളൊക്കെ കാണുമ്പോൾ ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട് ഞങ്ങൾക്കെന്ന് തിരിച്ചറിയുന്നു.. മലയാളവും കന്നടയും കലർന്ന ഹജ്ജബ്ബയുടെ വാക്കുകൾ നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്.
ചടങ്ങിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡന്റ് സി.എം.ജംഷീർ വിഷയം അവതരിപ്പിച്ചു. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രേഖ, കൗൺസിലർമാരായ ഹമീദ് എം.പി, ടി.കെ.ചന്ദ്രൻ, സ്മിത വള്ളിശ്ശേരി, ഇല്യൂസിയ സി.ഇ.ഒ നൗഫൽ.പി, കെ.മോഹനൻ, മദർ പി.ടി.എ.പ്രസിഡന്റ് രജുല, പി.ടി.എ.വൈസ് പ്രസിഡന്റ് ഷാജി.എം.പി, അരുണാംശുദേവ്, ഇ.എം.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ എൻ.പ്രമോദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷീല ജോസഫ് നന്ദിയും പറഞ്ഞു.