കോഴിക്കോട്: പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാതല ശില്പശാല നടത്തി. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.ജിജു പി അലക്‌സ് ഉദ്ഘാടനം ചെയ്തു. പതിനാലാം പഞ്ചവത്സരപദ്ധതിക്കാലം ഏറെ നിർണായകമാണെന്നും കേരളത്തിന്റെ ആസൂത്രണ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാറ്റസ് റിപ്പോർട്ട്, വികസനരേഖ തയ്യാറാക്കൽ എന്നിവയുമായി ബന്ധപ്പെട്ടാണ് ജില്ലാ ആസൂത്രണ സമിതിയുടെയും കിലയുടെയും സംയുക്താഭിമുഖ്യത്തിൽ ശില്പശാല നടത്തിയത്.

സ്റ്റാറ്റസ് റിപ്പോർട്ടും വികസന രേഖയും ജനുവരി 20നകം തയ്യാറാക്കുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗം എ.സുധാകരൻ, കില റിസോഴ്‌സ് പേഴ്‌സൺ വിജയകുമാർ സി.കെ, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ്, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ എം. പ്രസാദ് തുടങ്ങിയവർ ക്ലാസ്സെടുത്തു. ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ പ്രമോദ് കുമാർ സ്വാഗതവും ജില്ലാ പ്ലാനിംഗ് റിസർച്ച് ഓഫീസർ നജുമുന്നിസ നന്ദിയും പറഞ്ഞു.