
വടകര: പുതിയ ബസ്‌സ്റ്റാൻഡിലെ ആറ് ലോട്ടറി കടകളിൽ മോഷണം നടന്നു. ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. പൂട്ട് പൊളിച്ചാണ് കടകളിൽ കള്ളൻ കയറിയത്. ആറ് കടകളിൽ നിന്നായി 17000 രൂപ കവർന്നതായി ലോട്ടറി കട ഉടമ മണി പറഞ്ഞു. ബസ് സ്റ്റാൻഡിലെ ഒരു സ്‌റ്റേഷനറി കടയിലും മോഷണശ്രമം നടന്നിരുന്നു. പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥിതി ചെയ്യുന്ന പുതിയ ബസ് സ്റ്റാൻഡിൽ സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിക്കുന്നത് യാത്രക്കാരുടേയും വ്യാപാരികളുടെയും ആശങ്ക വർദ്ധിപ്പിക്കുകയാണ്. വടകരയിലെ പൊലീസ് സംവിധാനം ദുർബലമാണെന്ന ആക്ഷേപവുമുണ്ട്. ദിവസങ്ങൾക്ക് മുമ്പ് താലൂക്ക് ഓഫീസ് കത്തിനശിച്ചതുമായി ബന്ധപ്പെട്ട ദുരൂഹതകൾ തുടരുന്നതിനിടെയാണ് നഗരമദ്ധ്യത്തിലെ ലോട്ടറി കടകളിൽ മോഷണം അരങ്ങേറിയത്. വ്യാപാരികളുടെ പരാതിയിൽ വടകര പൊലീസ് കേസെടുത്തു.