വടകര: ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടെ തീരദേശ വാർഡുകളിൽ നടപ്പാക്കുന്ന തീരതണൽ പദ്ധതിയുമായി ഭാഗമായി സ്ഥല പരിശോധന നടത്തി. അഴിയൂരിലെ അഞ്ച് കിലോമീറ്റർ തീരദേശത്താണ് സെൻട്രൽ മറൈൻ ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. തോടുകളിലെ വെള്ളം, കക്കയുടെ തോട് എന്നിവ ശേഖരിച്ചു. കടൽത്തീരത്തെ മൂവായിരത്തോളം വീടുകളിൽ ചെടി നട്ടുവളർത്തി കാർബൺ ന്യൂട്രലിലേക്ക് കടൽ തീരത്തെ മാറ്റുന്നതാണ് പദ്ധതി. വാർഡിൽ നിന്ന് രണ്ട് തീരമിത്രങ്ങളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി തീരസംരക്ഷണം ഉറപ്പുവരുത്തും. കടൽത്തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ്മസേന നീക്കം ചെയ്യും. പരിശോധനയ്ക്ക് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻമാരായ ഡോ.പി.കെ.അശോകൻ, ഡോ.കെ.വിനോദ്, ടെക്നിക്കൽ ഓഫീസർ വി.എ. കുഞ്ഞിക്കോയ എന്നിവർ നേതൃത്വം നൽകി. ജൈവവൈവിദ്ധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ കെ.പി.മഞ്ജു, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, പഞ്ചായത്ത് മെമ്പർമാരായ മൈമൂന, സീനത്ത് ബഷീർ, സാലിം പുനത്തിൽ, കവിത അനിൽകുമാർ, പി.കെ.പ്രീത, പ്രമോദ് മാട്ടാണ്ടി, കെ.ലീല എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.