
ബേപ്പൂർ: ബേപ്പൂർ വാട്ടർ ഫെസ്റ്റ് ഒരുക്കങ്ങൾ പൂർത്തിയായി. സ്റ്റാളുകൾ, പവലിയനുകൾ എന്നിവ തയ്യാറായി കഴിഞ്ഞു. അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാകളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ബേപ്പൂരിൽ ചേർന്നു. വാട്ടർ ഫെസ്റ്റിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ, ഭക്ഷ്യമേളയുടെ ഒരുക്കങ്ങൾ, അഡ്വഞ്ചർ ടൂറിസത്തിന്റെ ഭാഗമായുള്ള പരിപാടികൾ തുടങ്ങിയവ കളക്ടർ വിലയിരുത്തി.
വാട്ടർ ഫെസ്റ്റിനു മുന്നോടിയായി ഇന്ന് രാവിലെ 6.30ന് പൊതുജന പങ്കാളിത്തത്തോടെ ബേപ്പൂർ ബീച്ചിൽ ശുചീകരണ യജ്ഞം നടത്തും. പ്രദേശം വൃത്തിയും മനോഹരവുമാക്കുന്നതിന് നടത്തുന്ന യജ്ഞത്തിൽ പങ്കെടുക്കാൻ താത്പ്പര്യമുള്ളവർ രാവിലെ 6.30ന് ബീച്ചിൽ എത്തണം. വൈകീട്ട് നാലുമണിയോടെ വയനാട് സ്വദേശി ബിനു ബീച്ച് പരിസരത്ത് സാന്റ് ആർട്ട് ഒരുക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളാണ് ശിൽപ്പങ്ങളായി പുനർജനിക്കുക. കുട്ടികളുടെ പട്ടം പറത്തലും ഉണ്ടാകും. താത്പ്പര്യമുള്ള കുട്ടികൾക്ക് പട്ടം പറത്തലിൽ പങ്കെടുക്കാം.
ബേപ്പൂരിലും പരിസര പ്രദേശങ്ങളിലും ഉത്സവഛായ പകർന്ന് വിവിധ പരിപാടികളും അരങ്ങേറിത്തുടങ്ങി. മെഹ്ഫിൽ ഓർക്കസ്ട്ര, ഗുലാബ് ആൻഡ് ടീം ഒരുക്കിയ ഗസൽ സന്ധ്യ എന്നിവ ഇന്നലെ സന്ധ്യയോടെ അരങ്ങേറി.