കോഴിക്കോട്: സ്ഥിരംതൊഴിൽ എന്ന സങ്കല്പം തന്നെ തകർത്ത് പൊതുമേഖലയിൽ പോലും കരാർവത്കരണം നടപ്പാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ കൂടിയായ സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
അടിമത്ത തൊഴിൽ നിയമങ്ങൾ പിൻവലിക്കണമെന്നു ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (എഫ്.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിൽനിയമങ്ങൾ പരിഷ്‌കരിച്ചത് തൊഴിലാളിക്ഷേമത്തിനും തൊഴിൽസുരക്ഷിതത്വത്തിനും വേണ്ടിയാണെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാൽ യഥാർത്ഥത്തിൽ നിയമങ്ങളെല്ലാം വികലമാക്കുകയാണ് ചെയ്യുന്നത്. സർക്കാർ തലത്തിൽ പോലും കരാർ തൊഴിലുകൾ പ്രോത്സാഹിപ്പിക്കുകയാണ്. തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലായ്മ ചെയ്യാനാണ് ഈ നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ അദ്ധ്യക്ഷനായിരുന്നു. ദേശീയ പ്രസിഡന്റ് റസാഖ് പാലേരി വിഷയം അവതരിപ്പിച്ചു. അഡ്വ.ജോൺ ജോസഫ്, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.പങ്കജാക്ഷൻ, എസ്.ടി.യു ദേശീയ സെക്രട്ടറി എം.റഹ്‌മത്തുള്ള, എൻ.ടി.യു.ഐ സംസ്ഥാന പ്രസിഡന്റ് ശ്രീകുമാർ, എഫ്.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്‌ലീം മമ്പാട്, വൈസ് പ്രസിഡന്റ് മോഹൻ സി. മാവേലിക്കര, സെക്രട്ടറി റഷീദ ഖാജ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി.ജെ.ഷാനവാസ് സ്വാഗതവും ട്രഷറർ ഉസ്മാൻ മുല്ലക്കര നന്ദിയും പറഞ്ഞു.