e-auto

കോഴിക്കോട്: റോഡിലിറക്കിയാൽ എവിടെയും അടുപ്പിക്കാൻ വയ്യ. പിന്നെ ഓട്ടം തന്നെ ഓട്ടം. വണ്ടി നിറുത്തിയിടാൻ സ്റ്റാൻഡിൽ ഇടം കിട്ടില്ലെന്നതുതന്നെ പ്രശ്നം. ഇതുകാരണം ആവശ്യത്തിന് സവാരിയും ഒത്തുവരുന്നില്ല. നഗരത്തിലെ ഇ - ഓട്ടോറിക്ഷക്കാർക്ക് അക്ഷരാർത്ഥത്തിൽ വട്ടം കറങ്ങേണ്ടി വരികയാണ് ഇപ്പോഴും.

പരിസ്ഥിതിസൗഹൃദമെന്ന നിലയിൽ പ്രത്യേക പരിഗണന ഓട്ടോകൾ നിരത്തിലിറക്കാനേയുള്ളൂ. അതു കഴിഞ്ഞാൽ പിന്നെ രക്ഷയില്ല. ഇ - ഓട്ടോറികൾ വഴിയിൽ തടഞ്ഞും നിറുത്തിയിടാൻ സ്റ്റാൻഡിൽ വിലക്ക് കല്പിച്ചും പുറന്തള്ളുകയാണ് സാധാരണ ഓട്ടോക്കാർ. പിന്നെ, ഉള്ളോട്ട് എവിടെയെങ്കിലും വഴിയോരത്ത് നിറുത്താൻ പറ്റിയാലായി. അങ്ങനെ എവിടെയെങ്കിലും നിറുത്തിയാൽ ഓട്ടം കിട്ടണമെന്നുമില്ല.

നഗരത്തിൽ ഇപ്പോൾ നൂറ്റൻപതോളം ഇ - ഓട്ടോകളാണുള്ളത്. ഓട്ടം വൈദ്യുതിയിലായതിനാൽ, പെട്രോൾ - ഡിസൽ വണ്ടികളെ അപേക്ഷിച്ച് ചെലവ് കുറവാണ്. പരിസ്ഥിതിയെ ഹനിക്കുന്ന വാഹനമല്ലെന്നിരിക്കെ പ്രത്യേക പെർമിറ്റിന്റെ ആവശ്യവുമില്ല.

സംസ്ഥാനത്ത് എവിടെ വേണമെങ്കിലും സർവീസ് നടത്താനും യാത്രക്കാരെ കയറ്റാനും സാധിക്കും. ഏതു ഓട്ടോ / ടാക്‌സി സ്റ്റാൻഡിലും നിറുത്തിയിടാമെന്നുമുണ്ട്. പക്ഷേ, പരമ്പരാഗത ഓട്ടോ ഡ്രൈവർമാർക്ക് ഇ - ഓട്ടോ കാണുന്നതുതന്നെ ചതുർത്ഥിയാണ്. ഒരു നിയന്ത്രണവുമില്ലാതെ ഇ - ഓട്ടോകൾ റോഡിലിറക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് ഇവർ. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, പാളയം, റെയിൽവേ സ്റ്റേഷൻ, പുതിയ സ്റ്റാൻഡ് തുടങ്ങി ആളുകൂടുന്ന ഇടങ്ങളിലൊന്നും നീല നിറം കണ്ടുപോകരുതെന്നാണ് മുന്നറിയിപ്പ്.

ആളുകൾ കയറുന്നിടത്തു നിറുത്തിയിടാൻ പറ്റാതെ വരുമ്പോൾ നിലയ്ക്കാത്ത ഓട്ടം വേണ്ടി വരുന്നു ഒട്ടുമിക്കവർക്കും. രാവിലെ മുതൽ വൈകിട്ട് വരെ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഓർഡർ ഒത്തുകിട്ടുന്നത് ലോട്ടറിയടിക്കുന്നതു പോലെയായിരിക്കും. പോകുന്ന വഴിയിൽ ആളുകളെ കയറ്റിയാൽ തന്നെ വഴിയിൽ തടഞ്ഞു നിറുത്തലും വിചാരണയും നേരിടേണ്ടി വരുന്നു പലപ്പോഴും. പ്രതിഷേധക്കാർ യാത്രക്കാരെ നിർബന്ധിച്ചു ഇറക്കി വിടുന്നതും പതിവാണ്.

കഴിഞ്ഞ ദിവസം മിനി ബെെപാസിൽ സരോവരം ബയോ പാർക്കിനടുത്ത് വെച്ച് ഇ ഓട്ടോ തടഞ്ഞ് യാത്രക്കാരനെ മറ്റു ഓട്ടോ ഡ്രെെവർമാർ വഴിയിൽ ഇറക്കി വിട്ട സംഭവമുണ്ടായിരുന്നു. രോഗിയാണെന്നു പറഞ്ഞ് യാത്രക്കാരൻ കേണപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. പൊലീസിൽ പരാതി നൽകിയതു മിച്ചം. ഒരു നടപടിയുമുണ്ടായില്ല. ഇങ്ങനെ പലപ്പോഴും പരാതിയുമായി ഇ ഓട്ടോ ഡ്രൈവർമാർക്ക് പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ടി വരുന്നുണ്ട്.

''ഇ-ഓട്ടോകൾക്ക് അനുവദിച്ചെന്നു പറയുന്ന സ്ഥലങ്ങളിൽ പോലും വണ്ടി നിറുത്തിയിടാൻ പറ്റാത്ത അവസ്ഥയാണ്. വഴിയരികിൽ നിന്നു യാത്രക്കാരെ കയറ്റിയാലും തടഞ്ഞുനിറുത്തി അവരെ ഇറക്കിവിടുകയാണ്.

അനോലിപറമ്പത്ത് സുബീഷ്,

ഇ ഓട്ടോ കമ്മിറ്റി ജില്ലാ സെക്രട്ടറി