news

കുറ്റ്യാടി: തകർന്നുകിടക്കുന്ന വേളം പള്ളിയത്ത് പെരുവയൽ റോഡിലൂടെ യാത്ര കഠിനമാവുന്നു. നാലുകിലോമീറ്ററിലധികം ദൂരത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിൽ കൈതക്കൽ താഴ, പൂമരമുക്ക്, ചെമ്പോട്, ചെറിയാണ്ടി താഴ ഭാഗങ്ങളിലാണ് തകർച്ച പൂർണം.

ഈ പ്രദേശങ്ങളിലെ ഏക ആശ്രയമായ ജനകീയം ജീപ്പ് സർവീസുകൾ റോഡിന്റെ തകർച്ച കാരണം നിറുത്തിവെക്കാനൊരുങ്ങുകയാണ്. ആയഞ്ചേരി, ആവള, തിരുവള്ളൂർ ഭാഗങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ പെരുവണ്ണാമൂഴി, പേരാമ്പ്ര തുടങ്ങിയ ഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ ഈ റോഡ് ഉപകാരമാണ്. തകർന്ന് മാസങ്ങളായിട്ടും നവീകരിക്കാനോ അറ്റകുറ്റ പണി നടത്താനോ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപെട്ട് പ്രദേശത്തെ സ്കൂൾ വിദ്യാർത്ഥികൾ പൊതുമരാമത്തുവകു് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്ന് യുക്തമായ നടപടികൾ കൈകൊള്ളാൻ അദ്ദേഹം അധികാരികൾക്ക് നിർദ്ദേശവും നൽകിയിരുന്നു.

പള്ളിയത്ത് പെരുവയൽ റോഡ് അടിയന്തരമായി നവീകരിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യണമെന്ന് ആവശ്യപെട്ട് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയുണ്ടെന്ന് വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിൽ പറഞ്ഞു.

ബന്ധപെട്ട ചീഫ് എൻജിനീയർക്ക് മന്ത്രി അടിയന്തര നിർദേശം നൽകിയിട്ടുണ്ടെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ പറഞ്ഞു.