1

കോഴിക്കോട്: ഇനി പേടിവേണ്ട. സ്വയംരക്ഷയ്ക്ക് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പ്രതിരോധ വിദ്യ സ്ത്രീകൾക്കും സ്വായത്തമാക്കാം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ കേരള പൊലീസ് ആവിഷ്‌കരിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടി ഇനി പൊലീസിന്റെ എഫ് ബി പേജിലൂടെ പഠിക്കാം. ഒറ്റപ്പെട്ട അവസ്ഥയിൽ സത്രീകൾക്ക് അതിക്രമങ്ങൾ നേരിടേണ്ടി വന്നാൽ എങ്ങനെ നേരിടണമെന്നതിനെ കുറിച്ചാണ് കേരള പൊലീസ് സമൂഹ മാദ്ധ്യമ സെൽ തയ്യാറാക്കിയ 'അടിതട" എന്ന ട്യൂട്ടോറിയൽ വീഡിയോയിലൂടെ പങ്ക് വക്കുന്നത്.

അപ്രതീക്ഷിതമായി ഒരാൾ മുന്നിൽ നിന്നും കയ്യിൽ കയറി പിടിച്ചാൽ എങ്ങനെ രക്ഷപ്പെടാം, പിറകിൽ നിന്ന് ചുറ്റി പിടിച്ചാൽ എങ്ങനെ പ്രതിരോധിക്കാം എന്നതെല്ലാം വളരെ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന തരത്തിൽ വിവിധ എപ്പിസോഡുകളായാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ഏകദേശം 98000 ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. തൊള്ളായിരത്തോളം ആളുകൾ വീഡിയോ പങ്ക് വച്ചിട്ടുണ്ട്.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം അതിക്രമങ്ങൾ തടയുന്നതിനായി സ്വയം പ്രതിരോധ പരിശീലനം കഴിഞ്ഞ നിരവധി വർഷങ്ങളായി
കേരള പൊലീസിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സൗജന്യമായി നൽകി വരുന്നുണ്ട്.

കേരള പൊലീസ് സോഷ്യൽ മീഡിയ സെൽ നോഡൽ ഓഫീസർ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പൊലീസ് സോഷ്യൽ മീഡിയ സെല്ലിലെ ബി.ടി അരുണിന്റെതാണ് ആശയം. വനിതാ സ്വയം പ്രതിരോധ സംഘത്തിലെ അംഗങ്ങളായ ജയമേരി,സുൽഫത്ത്,അനീസ്ബാൻ,അതുല്യ എന്നിവരാണ് വീഡിയോയിലൂടെ പരിശീലനം നൽകുന്നത്. സന്തോഷ് സരസ്വതി ക്യാമറയും നിധീഷ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.