
കോഴിക്കോട്: പ്രണയ വിവാഹത്തിന് ഒത്താശ ചെയ്തതിന്റെ പേരിൽ വരന്റെ സഹോദരീഭർത്താവിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ പെൺകുട്ടിയുടെ അച്ഛനും അമ്മയും അറസ്റ്റിലായി. അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ പിടികൂടിയതിനെ തുടർന്ന് ദമ്പതികളും കുടുങ്ങുകയായിരുന്നു.
കോവൂരിലെ ഐശ്വര്യ ടെക്സ്റ്റൈൽസ് ഉടമ വെള്ളിമാടുകുന്ന് കയ്യാലത്തൊടി റിനീഷിനെ (45) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തലക്കുളത്തൂർ പാലോറമൂട്ടിൽ അനിരുദ്ധൻ, ഭാര്യ അജിത, ക്വട്ടേഷൻ സംഘാംഗങ്ങളായ തലക്കുളത്തൂർ നടുവിലക്കണ്ടി സുഭാഷ് (38), സൗപർണികയിൽ അരുൺ (27), കണ്ടംകയ്യിൽ അശ്വന്ത് (22), കണിയേരി മീത്തൽ അവിനാശ് (21), പുലരി വീട്ടിൽ ബാലു(28) എന്നിവരാണ് അറസ്റ്റിലായത്.
ഡിസംബർ 11ന് രാത്രിയായിരുന്നു ആക്രമണം. തലയ്ക്ക് വെട്ടേറ്റ റിനീഷിന് 21 തുന്നൽ വേണ്ടിവന്നു. ഇപ്പോഴും ആശുപത്രിയിലാണ്.
ദമ്പതികളുടെ മകൾ ജാനറ്റ് പരിയാരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പഠിച്ചുകൊണ്ടിരിക്കെ സിംഗപ്പൂരിൽ ജോലി നോക്കുന്ന ബന്ധു സ്വരൂപുമായി പ്രണയത്തിലായിരുന്നു. അച്ഛനമ്മമാരുടെ എതിർപ്പിനെ അവഗണിച്ച് ജാനറ്റ് മൂന്ന് വർഷം മുമ്പ് രഹസ്യമായി സ്വരൂപിനെ വിവാഹം കഴിച്ചു. സ്വരൂപ് സിംഗപ്പൂരിലേക്ക് മടങ്ങി. ജാനറ്റിന്റെ പഠനം പൂർത്തിയായതോടെ ഒന്നര മാസം മുമ്പ് സ്വരൂപ് നാട്ടിലെത്തി വീട്ടുകാരറിയാതെ സിംഗപ്പൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഇതറിഞ്ഞ രക്ഷിതാക്കൾ, ഒത്താശ ചെയ്ത സ്വരൂപിന്റെ സഹോദരീഭർത്താവ് റിനീഷിനെ വക വരുത്താൻ ക്വട്ടേഷൻ നൽകി. രാത്രി 8.45ന് കടപൂട്ടി മടങ്ങുകയായിരുന്ന റിനീഷിനെ വീടിനു മുന്നിൽ വച്ച് ക്വട്ടേഷൻ സംഘം തടഞ്ഞുനിറുത്തി. കത്തി ഘടിപ്പിച്ച ലോഹദണ്ഡ് കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. ആക്രമിച്ചവരെക്കുറിച്ച് റിനീഷ് പൊലീസിന് സൂചന നൽകിയിരുന്നു. ക്വട്ടേഷന് രണ്ടര ലക്ഷം വാങ്ങിയ സംഘം നാടുവിട്ടെങ്കിലും പണം തീർന്നതോടെ തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശൻ, ചേവായൂർ സി.ഐ പി. ചന്ദ്രമോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.