കൽപ്പറ്റ: മാനന്തവാടി തൊണ്ടർനാട് നിരവിൽപുഴ മട്ടിലയത്തിലെ ചെക്ക്‌പോസ്റ്റ് കെട്ടിടം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് വയനാട് നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കെട്ടിടം നവീകരിക്കണമെന്ന കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി.
കെട്ടിടം ജീർണ്ണിച്ച അവസ്ഥയിലാണെന്ന് കമ്മീഷന് പരാതി ലഭിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജീവനക്കാർ പ്രയാസത്തിലാണ്. നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ചെക്ക് പോസ്റ്റിൽ ഹൈമാസ്റ്റ് ലൈറ്റും സി.സി.ടി.വി ക്യാമറകളും സ്ഥാപിക്കണമെന്നും പരാതിക്കാരനായ നല്ലൂർനാട് സ്വദേശി കെ.കെ.നാസർ ആവശ്യപ്പെട്ടു. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലമാണ് ഇവിടമെന്നും പരാതിയിൽ പറയുന്നു.
1998 ൽ തുടങ്ങിയ ചെക്ക്‌പോസ്റ്റ് കെട്ടിടത്തിൽ രണ്ട് മുറികളും വരാന്തയും ടോയ്‌ലറ്റും ഉണ്ടെന്ന് നോർത്ത് ഡി.എഫ്.ഒ കമ്മീഷനെ അറിയിച്ചു. കുഞ്ഞോം ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരെ ഇവിടെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷനിൽ താമസസൗകര്യം ലഭ്യമാണ്. ഫണ്ടിന്റെ അപര്യാപ്തത കാരണമാണ് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിയാത്തതെന്നും റിപ്പോർട്ടിൽ പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.