കൽപ്പറ്റ: ജില്ലാ കളക്ടറുടെ താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്ത് സമാപിച്ചു. മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി താലൂക്കുകൾക്കായി സംഘടിപ്പിച്ച ഓൺലൈൻ അദാലത്തിൽ 18 പരാതികൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. റവന്യു, പി.ഡബ്ലു.ഡി, തദ്ദേശസ്വയംഭരണ വകുപ്പ്, വാട്ടർ അതോറിറ്റി, ക്ഷേമനിധി ബോർഡ്, സാമൂഹ്യ ക്ഷേമ വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി, പട്ടികവർഗ്ഗ വകുപ്പ്, ബാങ്ക്, ഐ.ടി മിഷൻ എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചായിരുന്നു അദാലത്ത്. അക്ഷയ കേന്ദ്രങ്ങളിൽ എത്തിയാണ് പൊതുജനങ്ങൾ ഓൺലൈനായി അദാലത്തിൽ പങ്കെടുത്തത്. എല്ലാ മാസവും ഇത്തരത്തിൽ ഓൺലൈനായി അദാലത്തുകൾ സംഘടിപ്പിക്കുമെന്നും, അക്ഷയ കേന്ദ്രങ്ങൾ മുഖേന പൊതുജനങ്ങൾക്ക് അദാലത്തിൽ പങ്കെടുക്കാമെന്നും ജില്ലാ കളക്ടർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ഗുഡ് ഗവേർണൻസിന്റെ ഭാഗമായി പൊതുജനങ്ങളുടെ വിവിധ പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിനാണ് അദാലത്ത് സംഘടിപ്പിച്ചത്.