കോഴിക്കോട്: ഇവിടത്തെ പ്രമുഖ വ്യവസായികളെല്ലാം കോഴിക്കോട് വിടുന്ന സാഹചര്യം മാറിയാലേ ഈ നഗരത്തിന്റെ വികസനം പൂർണമാവുകയുള്ളൂവെന്ന് എം.എ.യൂസഫലി.
കോഴിക്കോട്ടുകാർ കോഴിക്കോടിനെ വേണ്ടുംവിധം പരിഗണിക്കുന്നില്ല. തിരുവനന്തപുരത്തിനും കൊച്ചിയ്ക്കുമൊപ്പം വളരാൻ കെല്പുള്ള നഗരമാണിത്. ആ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയണം.
കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ 'ചേംബർ ഭവൻ' ഉദ്ഘാടനം ചെയ്യുകയായിരുന്നു യൂസഫലി.
വാണിജ്യ-വ്യവസായ രംഗത്ത് കോഴിക്കോടിന് ഇനിയുമേറെ വളരാനുണ്ട്. ഒരു കാലത്ത് വാണിജ്യകേന്ദ്രമായിരുന്ന കോഴിക്കോടിന് ആ പ്രതാപം ഇപ്പോഴില്ല. ബേപ്പൂർ തുറമുഖവും കരിപ്പൂർ വിമാനത്താവളവും ടൂറിസം മേഖലയും വിപുലീകരിക്കേണ്ടതുണ്ട്. എയർപോർട്ടും സീപോർട്ടും വികസിച്ചാലേ ശരിയായ വികസനം സാദ്ധ്യമാവൂ. കൊച്ചി കുതിക്കുന്നത് ഇതു രണ്ടും സാദ്ധ്യമായതുകൊണ്ടാണ്. കോഴിക്കോടും ആ അവസ്ഥയിലേക്ക് വളരണം. വലിയ വിമാനങ്ങൾ ഇറങ്ങാൻ കഴിയാത്തത് കോഴിക്കോടിന്റെ പ്രധാന ന്യൂനതയാണ്. വാണിജ്യ വ്യവസായ സംഘടനകൾ ഇതു വീണ്ടും നടപ്പാക്കിക്കിട്ടാൻ ഉണർന്നു പ്രവർത്തിക്കണം.
പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് അനുകൂലമായ നിലപാടുള്ള സർക്കാരുകളാണ് കേന്ദ്രത്തിലും കേരളത്തിലുമുള്ളത്. വിദേശ ഇന്ത്യക്കാർക്ക് നാട്ടിൽ ബിസിനസ് നടത്താനുള്ള നിയന്ത്രണങ്ങൾ പ്രധാനമന്ത്രി നരേന്ദ്രേ മാദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞിട്ടുണ്ട്. കൊളോണിയൽ കാലത്തെ നിയമങ്ങൾ പലതും നമ്മുടെ നാട്ടിൽ ഇപ്പോഴും കീറാമുട്ടിയായി തുടരുന്നു. പലപ്പോഴും തടസ്സമാകുന്നത് അതാണ്. അത് മാറണം. കേന്ദ്രവും കേരളവും വേഗത്തിൽ നീങ്ങുന്നുണ്ട്. അതിനൊപ്പം ചലിക്കാൻ നമ്മളും തയ്യാറാവണം. യുവത്വത്തിലാണ് കേരളത്തിന്റെ പ്രതീക്ഷ. അവർക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള സൗകര്യങ്ങളാണ് കാലിക്കറ്റ് ചേംബറടക്കം ഒരുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കാലിക്കറ്റ് ചേംബർ പ്രസിഡന്റ് സുബൈർ കൊളക്കാടൻ അദ്ധ്യക്ഷനായിരുന്നു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ്, ഡോ.കെ.മൊയ്തു, എസ്.എം ഗുപ്ത തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. എം. മുസമ്മിൽ സ്വാഗതവും രാജേഷ് കുഞ്ഞപ്പൻ നന്ദിയും പറഞ്ഞു.
കോഴിക്കോട്ട് ലുലുമാൾ ഉടൻ
കോഴിക്കോട്ടെ ലുലു ഷോപ്പിംഗ് മാൾ നിർമ്മാണം പെട്ടെന്ന് പൂർത്തിയാക്കുമെന്ന് എം.എ.യൂസഫലി വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് പ്രോജക്ടുകൾ കൂടി മനസ്സിലുണ്ട്. അതും വൈകാതെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചേംബർ ഭവനിൽ മുകൾനിലയിൽ ഹാൾ പണിയാൻ 50 ലക്ഷം രൂപ നൽകുമെന്നും യൂസഫലി പ്രഖ്യാപിച്ചു. കോഴിക്കോട്ടെ യുവാക്കളായ സംരംഭകർക്ക് കാലിക്കറ്റ് ചേംബർ തണലാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.