photo
ഇയ്യാട് മേത്തടം ഭാഗത്ത് അപകടാവസ്ഥയിലുള്ള തെങ്ങിൻ തടി കൊണ്ട് നിർമ്മിച്ച പാലവും കോൺക്രീറ്റ് നടപ്പാതയും

ബാലുശ്ശേരി: ഗതാഗത യോഗ്യമായ ഒരു പാലത്തിനുവേണ്ടിയുള്ള മേത്തടത്തുകാരുടെ കാത്തിരിപ്പിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ പതിനേഴ്,​പതിനെട്ട് വാർഡുകളെ ബന്ധിപ്പിക്കുന്ന മേത്തടം -ചുണ്ടിക്കൽ താഴെ റോഡിന് കോൺക്രീറ്റ് പാലം വേണമെന്ന് ആവശ്യം ശക്തമാകുന്നു.പാലത്തിനായുള്ള മുറവിളി ഉയർന്നിട്ട് വർഷങ്ങളായി.എന്നാൽ അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.നിലവിൽ തെങ്ങിന് തടി ഉപയോഗിച്ച് നിർമിച്ച പാലത്തിലൂടെയാണ് തോടിന് ഇരുകരകളിലുമുള്ള നിവാസികൾ പുറം ലോകവുമായി ബന്ധപ്പെടുന്നത്.ഈ പാലം ഏത് നിമിഷവും നിലപൊത്തുമെന്ന അവസ്ഥയിലാണ്.കഴിഞ്ഞ മൂന്ന് മാസത്തോളമായി ഈ റോഡിലൂടെ വാഹനങ്ങളൊന്നും ഓടാതായിട്ട്. ഈ പാലത്തിനോട് ചേർന്ന് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച കോൺക്രീറ്റ് നടപ്പാതയും അപകടാവസ്ഥയിലാണ്. നടപ്പാതയെ താങ്ങി നിർത്തുന്ന തോടിന്റെ രണ്ട് ഭാഗത്തെയും കൽകെട്ട് പൊട്ടിപൊളിഞ്ഞ് കല്ലുകൾ അടർന്ന് നിലയിലാണ്.ചുരുക്കിപ്പറഞ്ഞാൽ മരപ്പാലത്തിലൂടെയും കോൺക്രീറ്റ് നടപ്പാതയിലൂടെയും ധൈര്യപ്പെട്ട് നടക്കാൻ കഴിയില്ലെന്ന് ചുരുക്കം. ജി.എൽ.പി.സ്കൂൾ പള്ളിയോത്ത്, പി.ടി.എം.യു.പി.സ്കൂൾ ആനപ്പാറ, വള്ളിയോത്ത് എ.എം.എൽ.പി.സ്കൂൾ , അങ്കണവാടി, മദ്രസ, മേത്തടം ജുമാ മസ്ജിദ്, എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന നൂറ് കണക്കിന് ആളുകൾക്ക് ഈ പാലം കടന്ന് വേണം പോകാൻ. മാത്രമല്ല ഇവിടെ നിന്ന് ഇയ്യാട്, വള്ളിയോത്ത് ഭാഗത്തേക്ക് പോകുന്നവരും ഇതുവഴിയാണ് പോകുന്നത്.

ഇവിടെയുള്ള മരപ്പാലവും അപകടാവസ്ഥയിൽ നില്ക്കുന്ന കോൺക്രീറ്റ് നടപ്പാതയും മാറ്റി പുതിയ കോൺക്രീറ്റ് പാലം നിർമ്മിച്ചു തരണമെന്നാവശ്യപ്പെട്ട് 127 പേർ ഒപ്പിട്ട പരാതി പഞ്ചായത്തിൽ ഇക്കഴിഞ്ഞ ഒക്ടോബർ 26 ന് നല്കിയിട്ടും ഇതുവരെ നടപടിയായില്ല. എത്രയും പെട്ടെന്ന് തോടിന്റെ ഭാഗം കെട്ടി പാലം കോൺക്രീറ്റ് ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.