കോഴിക്കോട്: പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്നു ഒരു കിലോയിലേറെ സ്വർണം കവർന്ന കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിലായി. മാളിക്കടവ് മുലാടത്ത് ഷൈസിത് (53), മൊകേരി വടയത്ത്മരം വീട്ടിൽ നിജീഷ് (44) എന്നിവരെയാണ് കസബ ഇസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കസബ പൊലീസും ചേർന്ന് പിടികൂടിയത്.
വെസ്റ്റ് ബംഗാളിലെ വർധമാൻ സ്വദേശിയായ റംസാൻ അലിയാണ് കവർച്ചയ്ക്ക് ഇരയായത്. പതിനഞ്ച് വർഷത്തോളമായി കോഴിക്കോട്ട് താമസിച്ച് സ്വർണാഭരണ നിർമ്മാണ പ്രവൃത്തി ചെയ്തു വരുന്ന യുവാവ് സെപ്തംബർ 20 നു രാത്രി ലിങ്ക് റോഡിലുള്ള തന്റെ സ്വർണ ഉരുക്കുശാലയിൽ നിന്നു മാങ്കാവിലേക്ക് 1. 200 കിലോഗ്രാം സ്വർണം ബൈക്കിൽ കൊണ്ടു പോകുമ്പോഴാണ് സംഭവം. ബൈക്കിലെത്തിയ എട്ടംഘ സംഘം കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് സ്വർണം കവരുകയായിരുന്നു. പയ്യാനക്കൽ തെക്കഞ്ചീരി വീട്ടിൽ കമ്പി വാവ എന്ന ജിനിത്ത്,കൊമ്മേരി മുക്കുണ്ണിത്താഴം വീട്ടിൽ ജമാൽ ഫാരിഷ്,പന്നിയങ്കര കീലക്കാട്ട് നിലം പറമ്പിൽ ഷംസുദ്ദീൻ,കാസർകോട് കുന്താർ പോക്കറടുക്ക വീട്ടിൽ മുഹമ്മദ് നൗഷാദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതിയായ പയ്യാനക്കൽ ചാമുണ്ടിവളപ്പിൽ സ്വദേശി ജംഷീർ പൊലീസിനു മുന്നിൽ ഹാജരാവുകയും ചെയ്തു.
ക്വട്ടേഷൻ സംഘത്തലവൻ ഷൈസിതാണ് ഷിബിയോടും സംഘത്തോടുമൊപ്പം സ്വർണകവർച്ചയ്ക്ക് പദ്ധതി തയ്യാറാക്കിയത്. പിടിക്കപ്പെടുമെന്നു മനസ്സിലാക്കിയ ഷൈസിത്, ഷിബി പോലും അറിയാതെ ഒളിവിൽ പോവുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ രഹസ്യസങ്കേതങ്ങളിൽ താമസിച്ചെങ്കിലും അവിടെയെല്ലാം പൊലീസ് എത്തിയത് ഇയാൾക്ക് വെല്ലുവിളിയായി. തുടർന്ന് ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഷൈസിതിനെതിരെ കഞ്ചാവു കേസുൾപ്പെടെ നിരവധി കേസുകളുണ്ട്. പ്രതികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും കസബ ഇൻസ്പെക്ടർ എൻ.പ്രജീഷ് പറഞ്ഞു.