
ബേപ്പൂർ: ബഷീർ കഥാപാത്രങ്ങളുടെ മണൽശില്പങ്ങളൊരുക്കിയും കുട്ടികളുടെ പട്ടം പറത്തൽ സംഘടിപ്പിച്ചും ബേപ്പൂർ ജലോത്സവത്തിന് ആഘോഷത്തോടെയുള്ള വരവേല്പ്.
വയനാട് സ്വദേശി ബിനുവാണ് ബഷീർ കഥാപാത്രങ്ങളുടെ മണൽശില്പങ്ങൾ തീർത്തത്. മാങ്കോസ്റ്റിൻ മരച്ചോട്ടിലെ ബഷീറും ബഷീറിന്റെ മരണമില്ലാത്ത കഥാപാത്രങ്ങളും മണൽശില്പത്തിൽ രൂപമെടുത്തത് വിസ്‌മയക്കാഴ്ചകളായി . മണൽശില്പങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് നിർവഹിച്ചു.
കുട്ടികൾ ഉയർത്തിയ പട്ടങ്ങൾ വർണപ്പറവകളായി വാനിൽ ഉയർന്നു പറന്നപ്പോൾ ആരവങ്ങളുമുയർന്നു.
26 മുതൽ 29 വരെ നടക്കുന്ന ജലോത്സവത്തിന് ബേപ്പൂരിന്റെ തീരദേശങ്ങൾ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ഇനി ഓളപ്പരപ്പിൽ ഉത്സവത്തിന്റെ ദിനരാത്രങ്ങൾ. നാലു ദിവസങ്ങളിലായി വൈവിദ്ധ്യമാർന്ന പരിപാടികളാണ് അരങ്ങേറുക.