
പയ്യോളി: ഇരിങ്ങൽ കരകൗശല ഗ്രാമത്തിന് മുമ്പിലൂടെ കടന്ന് പോകുന്ന ആരും ഒന്നും ശ്രദ്ധിക്കുന്നത് നല്ലതാണ്. കണ്ണ് തെറ്റിയാൽ കുളിച്ചിട്ട് പോവേണ്ടി വരും... ക്രാഫ്റ്റ് വില്ലേജിന്റെ പ്രധാന കവാടത്തിന്റെ മുൻവശത്തെ കുളമാണ് അപകട ഭീതി പരത്തുന്നത്.
സംരക്ഷണ ഭിത്തി തകർന്ന് അപകടാവസ്ഥയിലായിട്ടും പുനർനിർമിക്കാതെ അധികൃതർ മുഖം തിരിക്കുകയാണ്. പാതയോരത്തോടു ചേർന്നുകിടക്കുന്ന വശങ്ങൾ ഇപ്പോൾ ഇടിഞ്ഞ നിലയിലാണ്. കുളത്തിന് വശങ്ങൾ കാടുപിടിച്ച് കിടക്കുന്നതു കാരണം വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ കുളത്തിലേക്കു വീഴാൻ സാധ്യതയേറെയാണ്. മൂരാട് റെയിൽവേ ഗേറ്റ് അടച്ചിടുമ്പോൾ ഗതാഗതക്കുരുക്കിൽ പെടുന്ന വാഹനങ്ങൾ ഗേറ്റ് തുറക്കുമ്പോൾ അമിത വേഗതയിൽ പോകുന്നത് അപകടത്തിൽ സാദ്ധ്യത വർദ്ധിപ്പിക്കും.
മൂരാട് ഓയിൽമില്ലിൽ നിന്നും കട്ടക്കളിലേക്കും കൊളാവിപ്പാലത്തേക്കും കുഞ്ഞാലി മരക്കാർ ഹൈസ്കൂളിലേക്കും പോകുന്ന റോഡാണിത്. അമിത വേഗത്തിൽ വരുന്ന വാഹനങ്ങളിൽ നിന്നും രക്ഷ നേടാൻ കാൽനട യാത്രക്കാർ മാറിനിന്നാൽ നേരെ കുളത്തിലേക്കാണ് വീഴുക. ഇരിങ്ങൽ എൽ.പി സ്കൂളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ഇതുവഴിയാണ്
കടന്ന് പോകുന്നത്.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സർഗ്ഗാലയിലെത്തുന്ന സന്ദർശകർക്കും ഈ കുളം പ്രശ്നക്കാരൻത്തന്നെ. കഴിഞ്ഞ ദിവസം എതിരെ നിന്നും നിയന്ത്രണമില്ലാതെ വന്ന വാഹനത്തിൽ നിന്നും രക്ഷനേടാൻ റോഡരികിലേക്ക് വെട്ടിച്ച ഇരുചക്ര വാഹന യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കൊയിലാണ്ടി റോഡ് സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയറുടെ പരിധിയിലാണ് ഈ റോഡ്. പി.ഡബ്ല്യൂ.ഡിയുടെ അധീനതയിലായതിനാൽ നഗരസഭയ്ക്ക് ഒന്നും ചെയ്യാനില്ലെന്നാണ് പറയുന്നത്. ഒരു വർഷത്തിലധികമായി തകർന്ന് കിടക്കുന്ന പ്രസ്തുത സംരക്ഷണ ഭിത്തി പുനഃസ്ഥാപിണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ടെകിലും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നെതെന്നാണ് നാട്ടുകാർ പറയുന്നത്. അടിയന്തരമായി അപകടാവസ്ഥ പരിഹരിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
റോഡിന്റെ സംരക്ഷണഭിത്തി അപകടാവസ്ഥയിലായ വിവരം അടുത്ത ദിവസം തന്നെ പി.ഡ്യുഡിയെ അറിയിച്ച് പുനർനിർമിക്കാനുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെടും. ഇതേപോലെ അപകടാവസ്ഥയിലായ നാരങ്ങോളി പാലത്തിന്റെ സംരക്ഷണ ഭിത്തിയുടെ പുനർനിർമ്മാണം നടക്കുകയാണ്
വിലാസിനി നാരങ്ങോളി
നഗരസഭാ കൗൺസിലർ ,