പയ്യോളി: മഹാമാരിയിൽ തളർന്ന് പോയ നാടക കലാകാരന്മാർക്കൊരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ നർത്തന കലാലയമൊരുക്കുന്ന അഖില കേരള നൃത്ത സംഗീത നാടകോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കം. നർത്തന കലാലയത്തിന്റെ 38-ാമത് വാർഷികത്തോടനുബന്ധിച്ച് നിർമ്മാണം പൂർത്തീകരിച്ച നർത്തന ഓഡിറ്റോറിയം സമർപ്പണം എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രൻ നിർവഹിച്ചു. വി ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ടി. കബീർ ഉസ്താദ്, പ്രകാശ് പയ്യോളി, പരംജ്യോതി, കെ. എൻ. രത്നാകരൻ എന്നിവർ പ്രസംഗിച്ചു. കേരള അഗ്നി രക്ഷാ സേനയുമായി സഹകരിച്ച് സംഘടിപ്പിച്ച ജീവൻ സുരക്ഷ: മുൻകരുതലും പരിഹാരവും വിഷയത്തിൽ നടന്ന സെമിനാർ നഗരസഭാംഗം കെ.സി ബാബുരാജ് ഉദ്ഘാടനം ചെയ്തു. റഷീദ് പാലേരി അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ മുഖ്യാതിഥിയായിരുന്നു. ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ കെ.എം ഷിജു, പി.എം സഹീർ, കെ ഷാജു സിവിൽ ഡിഫൻസ് ടീം ക്യാപ്റ്റൻ ഷിബിൻദാസ്, ആർ രതീഷ് എന്നിവർ ക്ലാസെടുത്തു. എം.പി രാജീവൻ, എം സുജാത, എന്നിവർ പ്രസംഗിച്ചു. ഡിസംബർ 26 മുതൽ 31 വരെയാണ് അഖില കേരള നൃത്ത-സംഗീത നാടകോത്സവം. 28 ന് ചൊവ്വാഴ്ച വൈകു 4 ന് ഗോവ ഗവർണർ അഡ്വ.പി എസ് ശ്രീധരൻപിള്ള നാടകോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും. 31ന് സമാപന സമ്മേളനവും അവാർഡ് സമർപ്പണവും കെ മുരളീധരൻ എം.പി നിർവഹിക്കും.