കൽപ്പറ്റ: മോട്ടോർ വാഹന വകുപ്പിന്റെ ആധാർ അധിഷ്ഠിത ഓൺലൈൻ സേവനങ്ങളും വകുപ്പിന്റെ സേവനങ്ങൾ സുതാര്യമാക്കുന്നതിനുള്ള പരിഷ്‌കരണങ്ങളും പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഇപ്പോൾ പൂർണ്ണമായും ഓൺലൈൻ അപേക്ഷകളുടെ അടിസ്ഥാനത്തിൽ ലഭിക്കും.
രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ മേൽവിലാസം മാറ്റൽ, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റൽ, മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള വാഹനത്തിന്റെ എൻ.ഒ.സി. നൽകൽ, വാഹനത്തിന്റെ ഡൂപ്ലിക്കേറ്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, (ആർ.സി നഷ്ടപെട്ടതുൾപ്പെടെ), ഹൈപ്പാത്തിക്കേഷൻ റദ്ദ് ചെയ്യൽ, ഹൈപ്പാത്തിക്കേഷൻ എൻഡോഴ്സ്‌മെന്റ തുടങ്ങിയ സേവനങ്ങൾ ആധാർ ഓതന്റിക്കേറ്റഡ് ഫേസ്‌ലെസ്സ് സർവീസുകളായി നടപ്പിൽ വരുത്തിയിട്ടുണ്ട്.
സേവനങ്ങൾക്കുള്ള അപേക്ഷ വാഹൻ സോഫ്ട്‌വെയർ മുഖേന ഓൺലൈനായി സമർപ്പിക്കുമ്പാൾ കാണുന്ന ഓപ്ഷനുകളിൽ നിന്ന് 'ആധാർ ഓതന്റിക്കേഷൻ', 'മൊബൈൽ ഓതന്റിക്കേഷൻ' ഇവയിലേതെങ്കിലും ഒരെണ്ണം അപേക്ഷകൻ തിരഞ്ഞെടുക്കണം. ആധാർ ഓതന്റിക്കേഷൻ തിരഞ്ഞെടുത്ത അപേക്ഷകർക്ക് മേൽ സേവനങ്ങൾക്ക് അപേക്ഷയുടെ ഹാർഡ് കോപ്പിയോ, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റോ ഓഫീസിൽ ഹാജരാക്കേണ്ടതില്ല. ഓൺലൈൻ അപേക്ഷയുടെയും അപ്‌ലോഡ് ചെയ്യപ്പെട്ട രേഖകളുടെയും അടിസ്ഥാനത്തിൽ ഈ സേവനങ്ങൾ പൂർത്തീകരിക്കും.
പെർമിറ്റുള്ള വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള അപേക്ഷാ സമർപ്പണത്തിന് മുൻപായി പെർമിറ്റുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണ്.
ആധാർ ഓതന്റിക്കേഷൻ മുഖേന വാഹനിലെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി വാഹന ഉടമയുടെ/വാങ്ങുന്നയാളുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ തന്നെ വാഹനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ മൊബൈൽ നമ്പരിൽ ലഭിക്കുന്ന ഒ.ടി.പി ഉപയാഗിച്ച് അപേക്ഷ സമർപ്പണം പൂർത്തീകരിക്കണം. ആധാർ ഓതന്റിക്കേഷൻ വഴി അപേക്ഷ നൽകുന്നവർ ഒറിജിനൽ ആർ.സി. കൈവശം സൂക്ഷിക്കണം. വാഹനം കൈമാറ്റം നടത്തുകയാണെങ്കിൽ പഴയ ആർ.സി. പുതിയ ഉടമസ്ഥനെ ഏൽപ്പിച്ച് രസീത് വാങ്ങി സൂക്ഷിക്കണം.