പൂക്കോട്: വെറ്ററിനറി സർവകലാശാലയിലെ എ.ഐ.സി.ആർ.പി കോഴി പ്രജനന ഗവേഷണ കേന്ദ്രത്തിന് ദേശീയ ബ്രീഡ് കൺസർവേഷൻ അവാർഡ് ലഭിച്ചു. രാജ്യത്തെ തദ്ദേശീയ ജനുസ്സുകളെ ശാസ്ത്രീയമായി സംരക്ഷിക്കുകയും ഗവേഷണങ്ങൾ നടത്തുകയും ചെയ്യുന്ന മികച്ച സ്ഥാപനത്തിനാണ് ഐ.സി.എ.ആർ എൻ.ബി.എ.ജി.ആർ ദേശീയ പുരസ്‌കാരം നൽകിവരുന്നത്. കേരളത്തിലെ ഏക തദ്ദേശീയ കോഴി ജനുസ്സായ തലശ്ശേരി കോഴികളുടെ സംരക്ഷണ ഗവേഷണ പ്രവർത്തനങ്ങളാണ് എ.ഐ.സി.ആർ.പി ഗവേഷണ കേന്ദ്രത്തെ പുരസ്‌ക്കാരത്തിന് അർഹമാക്കിയത്. സംസ്ഥാനത്ത് തലശ്ശേരി കോഴികളുടെ ഒരേയൊരു ജനിതക ശേഖരമുള്ളത് ഇവിടെയാണ്.
ശാസ്ത്രീയമായ ജനിതക നിർദ്ധാരണത്തിന്റെ ഫലമായി ഗവേഷണ കേന്ദ്രത്തിലെ തലശ്ശേരി കോഴികൾ നാലര മാസത്തിൽ മുട്ടയുൽപാദനം ആരംഭിക്കുകയും വർഷത്തിൽ ശരാശരി 160 170 മുട്ടകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ജീൻ സീക്വൻസിങ് സങ്കേതങ്ങൾ ഉപയോഗിച്ച് ജനിതക സവിശേഷതകൾ തിരിച്ചറിയുന്നതിനുള്ള ഗവേഷണ പദ്ധതി ആരംഭിച്ചതും അവാർഡ് ലഭിക്കുന്നതിൽ നിർണ്ണായകമായി. വെറ്ററിനറി സർവ്വകലാശാലയിലെ ഗവേഷകരായ ഡോ. പി.അനിത, ഡോ. ബിനോജ് ചാക്കോ, ഡോ. ബീന.സി.ജോസഫ്, ഡോ. ശങ്കരലിംഗം, ഡോ. സി.എസ്.സുജ, ഡോ. എസ്.ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങളാണ് പുരസ്‌കാരം നേടിയത്. ദേശീയ കർഷക ദിനാഘോഷത്തിന്റെ ഭാഗമായി ഐ.സി.എ.ആർ എൻ.ബി.എ.ജി.ആർ സംഘടിപ്പിച്ച ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു.