
# 5 വർഷം കൊണ്ട് 5000 എന്നത് 8000 ആകും
# പദ്ധതി നടത്തിപ്പിനായി ഐ.ഐ.എമ്മിന്റെ സഹകരണം
കോഴിക്കോട് : നഗര ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി അഞ്ചുവർഷം കൊണ്ട് 5000 പേർക്ക് തൊഴിൽ നൽകുന്ന തൊഴിൽദാനപദ്ധതി വിപുലമാക്കാൻ കോർപ്പറേഷൻ. വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ തൊഴിലുകളുടെ എണ്ണം 8208 ആകും. പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്പശാലയിൽ ഉയർന്ന 89 പദ്ധതി നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി അന്തിമ പദ്ധതി രേഖ കൗൺസിൽ അംഗീകാരത്തിനായി സമർപ്പിച്ചു. പദ്ധതിയുടെ സുഖമമായ നടത്തിപ്പിനും സാങ്കേതിക സഹായത്തിനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിനെ സഹകരിപ്പിക്കുന്നതിനായി കൗൺസിലിന്റെ അംഗീകാരം തേടും. പ്രോജക്ട് തയ്യാറാക്കൽ, പരിശീലനം, ഫണ്ട് കണ്ടെത്തൽ എന്നിവ എൻ.യു.എൽ.എം മുഖേന നിർവഹിക്കുന്നതിന് പ്രത്യേകം ഹെൽപ്പ് ഡെസ്‌ക് രൂപീകരിക്കുന്നതും പദ്ധതിയ്ക്ക് പേര് നിർദ്ദേശിക്കുന്നതും ഇന്ന് ചേരുന്ന കൗൺസിൽ യോഗം ചർച്ച ചെയ്യും.
കുടുംബശ്രീ, കൃഷി, വ്യവസായം, മൃഗസംരക്ഷണം, ഫിഷറീസ്, നഗര തൊഴിലുറപ്പ് പദ്ധതി എന്നിവയിലൂന്നിയുള്ള നിർദ്ദേശങ്ങളാണ് അന്തിമ പദ്ധതിരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉണക്കമീൻ, പൊതിച്ചോർ, ചെരുപ്പ് തുടങ്ങി കുടുംബശ്രീ ബ്രാൻഡ് ഉത്പ്പന്നങ്ങൾ വിപണിയിലെത്തിക്കും. നിലവിൽ കുടുംബശ്രീയുടെ 467 സംരംഭങ്ങളിലായി 1500 പേരാണ് തൊഴിൽ ചെയ്യുന്നത്. 18 മുതൽ 40 വരെ പ്രായമായ വനിതകൾക്കായി ആരംഭിക്കുന്ന സഹായസംഘങ്ങളെയും പദ്ധതിയുടെ ഭാഗമാക്കും. ജനീകായാസൂത്രണ തുക, വകുപ്പുകൾ വഴിയുള്ള സഹായം.എൻ.എം.യു.എൽ പദ്ധതി മുഖേനയുള്ള സബ്‌സിഡി, വായ്പ എന്നിവയിലൂടെ മൂലധനം കണ്ടെത്തും. കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കും. പദ്ധതി നടത്തിപ്പിനായി കോർപ്പറേഷൻ മോണിറ്ററിംഗ് സംവിധാനം ഒരുക്കും. ഉത്പ്പന്നങ്ങളുടെ വിപണനത്തിന് സ്ഥിരം സംവിധാനം ഒരുക്കാനും കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.