
മുക്കം: എസ്.കെ.പൊറ്റെക്കാട്ട് സ്മൃതി കേന്ദ്രം ഇനി അനാഥമാവില്ല. സാമൂഹ്യ വിരുദ്ധർക്ക് ഈ കേന്ദ്രം ഇനി താവളമാക്കാനുമാവില്ല. ആർക്കും വേണ്ടതായ സ്മൃതി കേന്ദ്രം ഇനി സാംസ്കാരിക കൂട്ടായ്മയായ ബഹുസ്വരം സംരക്ഷിക്കും. വിഖ്യാത എഴുത്തുകാരന്റെ ഓർമ്മകളെ പോലും അവഹേളിക്കും വിധം സ്മൃതികേന്ദ്രവും പരിസരവും കാടുമൂടി ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്നത് കേരളകൗമുദി വാർത്ത നൽകിയിരുന്നു.
2004-05ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാരശേരി പഞ്ചായത്ത് നിർമ്മിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം 2005 ഓഗസ്റ്റ് 12 ന് നൂറു കണക്കിൽ ആളുകളുടെ സാന്നിദ്ധ്യത്തിൽ സുകുമാർ അഴീക്കോടാണ് നിർവഹിച്ചത്. എന്നാൽ ഇപ്പോഴത്തെ സ്മൃതി കേന്ദ്രത്തിന്റെ ദൈന്യാവസ്ഥ കണ്ടാണ് സംരക്ഷണം ഏറ്റെടുക്കാൻ ബഹുസ്വരം തയ്യാറായത്. സംരക്ഷണ ചുമതല ഏറ്റെടുക്കാനുള്ള സന്നദ്ധത ബഹുസ്വരം ചെയർമാൻ സലാം കാരമൂല കാരശ്ശേരി പഞ്ചായത്തിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് യോഗമാണ് സ്മൃതി കേന്ദ്രം ബഹുസ്വരത്തെ ഏൽപിക്കാൻ തീരുമാനിച്ചത്. അതുപ്രകാരം സ്മൃതി കേന്ദ്രത്തിന്റെ താക്കോൽ ഇന്നലെ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, ബഹുസ്വരം ചെയർമാൻ സലാം കാരമൂലയ്ക്ക് കൈമാറി.
ലളിതമായ ചടങ്ങിൽ എഴുത്തുകാരൻ പ്രൊഫ.ഹമീദ് ചേന്ദമംഗല്ലൂർ മുഖ്യാതിഥിയായിരുന്നു.മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. ഓംകാരനാഥൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, പഞ്ചായത്ത് അംഗങ്ങളായ സത്യൻ മുണ്ടയിൽ, കുഞ്ഞാലി മമ്പാട്ട്, ജംഷീദ് ഒളകര, ശാന്താദേവി മൂത്തേടത്ത്, അഷ്റഫ് തച്ചാറമ്പത്ത്, ജില്ല പഞ്ചായത്ത് മുൻ അംഗം സി.കെ.കാസിം, സുരേഷ് ബാബു കൊറ്റങ്ങൽ, എം.ടി അഷ്റഫ്, മുക്കം വിജയൻ, വി.എൻ ജംനാസ്, മുഹമ്മദ് കക്കാട്, കെ.പി വദൂദ് റഹ്മാൻ, പി.കെ ഗണേശൻ, ജോസ് മുണ്ടത്താനം, കെ.മുകുന്ദൻ, ഉസ്സൻ ഗ്രീൻഗാർഡൻ, എൻ.എം.ഹാഷിർ, പി.സാദിഖലി, കെ.കൃഷ്ണൻകുട്ടി, നജീബ് കൽപൂര്,ജി.എൻ ആസാദ് എന്നിവർ സംബന്ധിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും പ്രയോജനപ്പെടുന്ന പാർക്കും വായനശാലയും നിർമിക്കാനും സ്മൃതി കേന്ദ്രവും പരിസരവും മനോഹരമാക്കാനും പദ്ധതിയുണ്ടെന്ന് ബഹുസ്വരം ചെയർമാൻ സലാം കാരമൂല പറഞ്ഞു.