green

കോഴിക്കോട്: ജില്ലയെ ഹരിതാഭമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ' ഗ്രീനിംഗ് കോഴിക്കോട് ' പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പരിസരത്ത് റംബൂട്ടാൻ ഫലവൃക്ഷതൈ നട്ട് കൃഷി മന്ത്രി പി.പ്രസാദ് നിർവഹിച്ചു. കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ പദ്ധതികളിൽ ഉൾപ്പെടുത്തി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു.

പദ്ധതിയുടെ ഗുണഭോക്താക്കളായ വിദ്യാർത്ഥികൾ അഭിവ്, അജിഷ്ണവ്, ഹവ്വ എന്നിവർക്ക് 80ശതമാനം സബ്‌സിഡിയിൽ മാവ്, പ്ലാവ് എന്നീ ഒട്ടുതൈകൾ വിതരണം ചെയ്തു. സ്‌കൂൾ വിദ്യാർത്ഥികൾ മുഖേന ചെറുകിട നാമമാത്ര കർഷകരുടെ കൃഷിഭൂമിയിൽ തൈകൾ വെച്ചു പിടിപ്പിക്കുന്നതിനുവേണ്ടിയാണ് 'ഗ്രീനിംഗ് കോഴിക്കോട് ' എന്ന പേരിൽ 3,69,000 രൂപ അടങ്കലുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. 80ശതമാനം സബ്‌സിഡിയിൽ 5000 ഫലവൃക്ഷത്തൈകൾ മണ്ണ് സംരക്ഷണ വകുപ്പ് വഴി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. വൃക്ഷത്തൈ പരിപാലന മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ വിദ്യാലയങ്ങൾക്കുള്ള ഹരിത പുരസ്‌കാരം മന്ത്രി വിതരണം ചെയ്തു.