കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൗണ്ടറിമെൻ 2020 ൽ മൂന്ന് വിഭാഗങ്ങളിലായി പി.കെ.സ്റ്റീൽസിന് ലഭിച്ച അവാർഡുകൾ ഏറ്റുവാങ്ങി. എക്‌സ്‌പോർട്ട് എക്‌സ്‌ലൻസ് അവാർഡ്, കാസ്റ്റിംഗ് ഓഫ് ദി ഇയർ അവാർഡ്, ഫൗണ്ടറി മെൻ ഓഫ് ദി ഇയർ അവാർഡ് എന്നീ പുരസ്‌കാരങ്ങൾ മന്ത്രി മുഹമ്മദ് റിയാസ് വിതരണം ചെയ്തു.
ഐ.ഐ.എഫ് നാഷണൽ കൗൺസിൽ മെമ്പർ കെ.സി.മാത്യു അദ്ധ്യക്ഷത വഹിച്ചു. പി.കെ സ്റ്റീൽസ് എം.ഡി കെ. ഇ.മൊയ്തു, സി.ഇ.ഒ എം.സബീഹ്, എസ്.രാജേഷ് എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
എൻ.ഐ.ടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ, മലബാർ ചേംബർ പ്രസിഡന്റ്
ഹബീബ് അഹമ്മദ്, പി.കെ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ പി.കെ.അഹമ്മദ് എന്നിവർ സംസാരിച്ചു. ഐ. ഐ.എഫ് ജോയിന്റ് സെക്രട്ടറി ബിജു പുരുഷൻ സ്വാഗതവും പി.കെ.സ്റ്റീൽ കാസ്റ്റിംഗ് സി.ഒ.ഒ എം.സബീഷ് നന്ദിയും പറഞ്ഞു.
കെ.റെയിൽ നിശ്ചയദാർഢ്യത്തോടെ
നടപ്പാക്കുമെന്ന് മന്ത്രി
കോഴിക്കോട്: എത്ര എതിർപ്പുണ്ടായാലും കെ.റെയിൽ പദ്ധതി നിശ്ചയദാർഢ്യത്തോടെ നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വ്യവസായ വാണിജ്യലോകം ആഗ്രഹിക്കുന്നതാണ് കെ. റെയിലെന്നും മന്ത്രി പറഞ്ഞു. മെറ്റൽ കാസ്റ്റിംഗ് രംഗത്തെ മികവിനുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഫൗണ്ടറിമെൻ (ഐ.ഐ.എഫ്) ഏർപ്പെടുത്തിയ അവാർഡുകൾ പി.കെ സ്റ്റീൽ അധികൃതർക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തീകരിക്കാനായില്ലെന്ന് റിയാസ് പറഞ്ഞു. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിനുള്ള ഭൂമി ഏറ്റെടുക്കൽ മാർച്ചിനകം പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.